റിയാദ് : ഓസ്‌ട്രിയൻ തലസ്ഥാനമായ വിയന്നയിൽനിന്നും സൗദി പൗരന്മാരെ വഹിച്ചുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഖസീമിലെ അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളും യാത്രാനിരോധനങ്ങളും മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ സൗദി പൗരന്മാരെ തിരിച്ചെത്തിക്കാൻ സൽമാൻ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉത്തരവിട്ടതിനെ തുടർന്ന് ഇവരെ തിരികെ കൊണ്ടുവരുന്നത് പുരോഗമിക്കുകയാണ്. ഇക്കൂട്ടത്തിൽ ആദ്യസംഘമാണ് ഖസീം പ്രവിശ്യയിൽ വെള്ളിയാഴ്ച എത്തിയത്. ഓസ്ട്രിയ, സ്ലോവോക്കിയ , സ്ലോവേനിയ, ചെക് റിപ്പബ്ലിക്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽനിന്നും തിരിച്ചുവരാൻ ആഗ്രഹിച്ച എല്ലാ പൗരന്മാരെയും വഹിച്ചുള്ള വിമാനത്തിലെ യാത്രക്കാരെ വിദേശകാര്യം, ടൂറിസം, ആരോഗ്യം തുടങ്ങിയ മന്ത്രാലയത്തിലെയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിലേയും ഉദ്യോഗസ്ഥർ സ്വീകരിച്ചു. യാത്രക്കാരെ പ്രത്യേക ബസുകളിൽ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. കോവിഡ് പകർച്ചയെ പ്രതിരോധിക്കാനുള്ള കരുതൽ നടപടികൾ കൈക്കൊള്ളാനും 14 ദിവസം ക്വാറൻറീനിൽ കഴിയാനും മടങ്ങിയെത്തിയ എല്ലാവരോടും നിർദേശിച്ചിട്ടുണ്ട്.