ഹെയർ ഡൊണേഷൻ ക്യാമ്പും കാൻസർ ബോധവൽക്കരണ സെമിനാറും

മനാമ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി റോയൽ ബഹ്‌റൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെസംഘടിപ്പിക്കുന്ന ഹെയർ ഡൊണേഷൻ ക്യാമ്പ് ഫെബ്രുവരി 4 ഞായറാഴ്ച 7 മണിക്ക് ഉം അൽ ഹസ്സത്തുള്ള കിംസ് ഹോസ്പിറ്റലിൽ നടക്കുമെന്ന്കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം, പ്രതിഭ രക്ഷാധികാരി സമിതി അംഗവും, ലോക കേരള സഭംഗവുമായ സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ,പ്രതിഭ ഹെൽപ് ലൈൻ ഇൻ ചാർജ് നൗഷാദ് പൂനൂർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നജീബ് മീരാൻ, നുബിൻ അൻസാരി, ഗിരീഷ്, പ്രതിഭ വനിതാ വിഭാഗം സെക്രട്ടറി റീഗ പ്രദീപ് എന്നിവർ അറിയിച്ചു.ചടങ്ങിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന 40 ൽ പരം ആളുകൾ കുറഞ്ഞത് 21 സെന്റീമീറ്റർ നീളമുള്ള തലമുടി ദാനം ചെയ്യും.കാൻസർ രോഗികൾക്ക് കീമോതെറാപ്പി പോലുള്ള ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ വിഗ് ഉണ്ടാക്കി നൽകുവാനാണ് ഇത്തരത്തിൽ ലഭിക്കുന്ന തലമുടി ഉപയോഗിക്കുന്നത്. ബഹ്‌റൈനിൽ ഒന്നിച്ചു മുടി നൽകുന്ന ഒരു ക്യാമ്പ് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ അബ്ദുൽ ഹക്കിം അൽ ഷിനോ, മറിയം അൽ ധൈൻ, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്മാൻ ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവക്ദ, റോയൽ ബഹ്‌റൈൻ പ്രസിഡണ്ടും കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാനുമായ അഹ്‌മദ്‌ ജവഹറി എന്നിവർ സംബന്ധിക്കും. പ്രിയംവദ യോഗ നടപടികൾ നിയന്ത്രിക്കും.കിംസ് ഹെൽത്ത് ഗ്രൂപ്പ് സിഇഒ ഡോ: ഷെരീഫ് എം. സഹദുല്ല കാൻസർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, കിംസ് ഹോസ്പിറ്റലിലെ ഡോ: വെങ്കടേഷ് മുഷാനി (ഹെമറ്റോ ഓൺകോളജിസ്റ്റ്), ഡോ: അൽപായ്‌ യിൽമാസ് (ഗൈനക്കോളജിക്കൽ ഓൺകോളജി) എന്നിവർ കാൻസർ ബോധവൽക്കരണ സെമിനാറിലും സംസാരിക്കും. ബഹ്‌റൈനിലെ അറിയപ്പെടുന്ന ഓൺകോളജിസ്റ്റുകൾ സെമിനാറിൽ പങ്കെടുക്കും.