
മനാമ: ബഹ്റൈൻ–ഇന്ത്യ ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.റിഫാ പാലസിൽ ഇന്ത്യയുടെ ബഹ്റൈനിലെ സ്ഥാനമൊഴിയുന്ന അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാലവും തന്ത്രപ്രധാനവുമായ ബന്ധം വിവിധ മേഖലകളിലെ സഹകരണത്തിലൂടെയും നിരന്തരമായ ഇടപെടലുകളിലൂടെയും കൂടുതൽ ശക്തിപ്പെട്ടതായി കിരീടാവകാശി പറഞ്ഞു.
ബഹ്റൈനിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധവും ബഹ്റൈനിലെ ഇന്ത്യൻ സമൂഹം രാജ്യത്തിന്റെ വികസനത്തിന് നൽകുന്ന നിർണായക സംഭാവനകളും അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി.
പരസ്പര താൽപര്യമുള്ള വിഷയങ്ങൾക്കൊപ്പം പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥാ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.







