കുവൈറ്റ് സന്ദര്‍ശക വിസ നിരയന്ത്രണം വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി.

KUWAIT-VISAകുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് വിപണിയില്‍ മാന്ദ്യത്തിന് കാരണമാവുന്നതായി പരാതി. റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റയില്‍സ്, കണ്‍സ്ട്രക്ഷന്‍, ഹോട്ടല്‍ മേഖലകളിലുള്ളവര്‍ ഇക്കാര്യത്തില്‍ കടുത്ത അസന്തുഷ്ടി പ്രകടിപ്പിച്ചു. ഹോട്ടല്‍ മേഖലയെയാണ് നിയന്ത്രണം കാര്യമായി ബാധിച്ചത്. ഹോട്ടലുകളില്‍ ഉപഭോക്താക്കള്‍ ഗണ്യമായി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ധാരാളം ഹോട്ടലുകള്‍ പൂട്ടുകയോ കഫേകളാക്കി മാറ്റുകയോ ചെയ്തതായും പറയുന്നു. വാണിജ്യ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നതായി കുവൈത്തിലെ കരാര്‍ കമ്പനികളുടെ യൂനിയന്‍ തലവന്‍ ഡോ. സാലിഹ് ബുറേസ്ലി പറഞ്ഞു. എന്‍ജിനീയര്‍മാരെ ഇവിടെ വരുത്തി കഴിവ് പരിശോധിച്ച് ആവശ്യമെങ്കില്‍ കരാര്‍ ഉറപ്പിക്കാനുള്ള അവസരം കരാര്‍ കമ്പനി ഉടമകള്‍ക്ക് നഷ്ടമാവുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ചില മേഖലകളില്‍ കൂടുതല്‍ വിദേശികളെ കുവൈത്തില്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവധിക്കാലത്ത് വിദേശികള്‍ കൂട്ടത്തോടെ നാട്ടില്‍പോയത് സ്വാഭാവികമായി വിപണിയില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. വിസ അനുവദിക്കുന്നതിലെ സങ്കീര്‍ണതകള്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാക്കിയെന്നാണ് വ്യാപാരികള്‍ പറയുന്നത്. സന്ദര്‍ശകവിസയുമായി ബന്ധപ്പെട്ട് അടുത്തിടെ നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു.

വിദേശികള്‍ക്ക് കുടുംബാംഗങ്ങളെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരുന്നതിന്് നിയന്ത്രണം ഏര്‍പ്പെടുത്തി. ഭാര്യക്കും മക്കള്‍ക്കുമുള്ള സന്ദര്‍ശകവിസ പരമാവധി മൂന്നുമാസത്തേക്കും മറ്റു ബന്ധുക്കള്‍ക്ക് ഒരു മാസത്തേക്കും മാത്രമാണ് അനുവദിക്കുന്നത്. കാലാവധി നീട്ടിനല്‍കുന്നുമില്ല. നേരത്തേ, എല്ലാ വിഭാഗങ്ങള്‍ക്കും മൂന്നുമാസം നല്‍കുകയും ആവശ്യമെങ്കില്‍ നീട്ടിനല്‍കുകയും ചെയ്തിരുന്നു. അതോടൊപ്പം, അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തില്‍ എത്തിയില്ളെങ്കില്‍ വിസ റദ്ദാവുകയും ചെയ്യും. നേരത്തേ, ഇതിന് മൂന്നുമാസം വരെ സമയമുണ്ടായിരുന്നു.