പുതിയ വേതനസംരക്ഷണ നിയമം ഖത്തര്‍ നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു : കരാറുകാർ

89801ദോഹ: ഖത്തറിലെ പുതിയ വേതനസംരക്ഷണ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നു. എന്നാല്‍ ഇത് രാജ്യമെമ്പാടും വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നുവെന്നാണ് കരാറുകാരുടെ വാദം. വര്‍ഷങ്ങളായി പല പദ്ധതികളും സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുകയാണ്. പല കമ്പനികള്‍ക്കും വൈകിയാണ് പണം ലഭിക്കുന്നത്. ചിലതാകട്ടെ കിട്ടുന്നുമില്ല. അടുത്തിടെയായി ഈ പ്രശ്‌നം വളരെ രൂക്ഷമായിരിക്കുകയാണ്. എണ്ണവിലയിലുണ്ടായ ഇടിവാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

പല കമ്പനികള്‍ക്കും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത് പോലെ തൊഴിലാളികള്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കാനാകുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖത്തര്‍ അമീര്‍ പുതിയ നിയമത്തില്‍ ഒപ്പു വച്ചത്. നവംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. 2016 ജൂണിലെ കണക്കുകള്‍ പ്രകാരം പതിനഞ്ച് ലക്ഷത്തോളം തൊഴിലാളികളാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ഈ നിയമം തങ്ങളുടെ കമ്പനിയില്‍ നിലവില്‍ വരുന്നത് കാത്ത് കഴിയുന്നുമുണ്ട്. ചിലര്‍ക്ക് ഈ നിയമം താങ്ങാവുന്നതുമല്ല. ഇതിന് പല കാരണങ്ങളുമുണ്ടെന്ന് ഖത്തറി കരാര്‍ കമ്പനി സിഇഓ വസന്ത് കുമാര്‍ പറയുന്നു. എങ്കിലും തങ്ങള്‍ ഈനിയമം സ്വാഗതം ചെയ്യുന്നുവെന്നും കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പല കമ്പനികളും തങ്ങളുടെ ഇടപാടുകാര്‍ പണം നല്‍കാന്‍ വൈകുമെന്ന് അറിഞ്ഞിട്ടും ആസൂത്രണമില്ലാതെ കമ്പനികള്‍ വേഗത്തില്‍ വിപുലീകരിക്കുന്നു. ചിലരാകട്ടെ കുറഞ്ഞ നിരക്കില്‍ പല പദ്ധതികളും ഏറ്റെടുക്കുന്നു. ഇവര്‍ക്ക് വലിയ നഷ്ടം സംഭവിക്കുന്നതിന് ഇത് കാരണമാകുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് ബില്‍ അടയ്ക്കാന്‍ കഴിയാതെ വരുന്നു. നേരത്തെ നല്‍കിയ ചിലകരാറുകള്‍ മാറ്റി വയ്ക്കുന്നതും കരാറുകാരെ ബുദ്ധിമുട്ടിക്കുന്നു. ഇത് കമ്പനിയുടെ വരുമാനം തന്നെ ഇല്ലാതാക്കുന്നു. ഇത് കടത്തിനും അധിക തൊഴിലാളികളെ നിലനിര്‍ത്തുന്നതിനും അത് വഴി വലിയ ചെലവിനും കാരണമാകുന്നു. വൈകി മാത്രം പണം ലഭിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും വസന്തകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രശ്‌ന പരിഹാരത്തിനായി ചില നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. രാജ്യാന്തര എഞ്ചിനീയേഴ്‌സ് കണ്‍സള്‍ട്ടിംഗ് ഫെഡറേഷന്‍ ഉപയോഗിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിലൂടെ ഇടപാടുകാരുടെ പ്രതിനിധിയ്‌ക്കോ ഈ എഞ്ചിനീയര്‍മാര്‍ക്കോ പണി തീര്‍ന്നതായി സര്‍ട്ടിഫൈ ചെയ്യാന്‍ കഴിയും. ഇതിന്റെ അടിസ്ഥാനത്തില്‍ സമയത്ത് പണം കൊടുത്ത് തീര്‍ക്കാനും സാധിക്കും.

എങ്കിലും വൈകി മാത്രം പണം നല്‍കുന്നവരെ ശിക്ഷിക്കാന്‍ യാതൊരു നിയമ വ്യവസ്ഥയുമില്ലെന്നത് ഒരു പോരായ്മയാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരം കൂടി നല്‍കേണ്ടതാണ്. സര്‍ക്കാര്‍ ഫണ്ടിംഗ് ഗ്യാരന്റികള്‍ കൂടി നല്‍കേണ്ടതുണ്ട്. ഇതിന് പുറമെ വിവിധ വിഭാഗങ്ങളിലുളള നിര്‍മാണങ്ങള്‍ക്കുളള നിരക്കുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. ഇതിലൂടെ കുറഞ്ഞ ലേലത്തുകയ്ക്ക് കരാര്‍ നല്‍കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കാനാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പല കമ്പനികള്‍ക്കും വേതനം കൃത്യസമയത്ത് നല്‍കാനാകില്ല. ഇതിന് പുറമെ സര്‍ക്കാര് പിഴ കൂടി ഈടാക്കിയാല്‍ അതിജീവനം ബുദ്ധിമുട്ടാകുമെന്നും ഇവര്‍ പറയുന്നു.