
മസ്കറ്റ്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’ ആവേശമായി. കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0’ കാമ്പയിന്റെ ഭാഗമായി മസ്‌കത്തിൽ നടന്ന റണ്ണിൽ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നൂറുകണക്കിന് പേർ ആവേശത്തോടെ പങ്കെടുത്തു. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ നടന്ന ‘സ്വച്ഛതാ ഹി സേവ’ ആചരണത്തിന്റെ ഭാഗമായാണ് റൺ നടന്നത്. ഒമാനിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും ‘വികസിത് ഭാരത്’ എന്ന ആശയം പ്രവാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് എംബസി പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും യുവാക്കളും മുതിർന്നവരും വയോധികരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ റണ്ണിൽ പങ്കാളികളായി. പങ്കെടുത്ത എല്ലാവർക്കും ടി-ഷർട്ടുകളും, ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് മെഡലുകളും സമ്മാനിച്ചു. ഗാന്ധിജി ഉയർത്തിപ്പിടിച്ച അച്ചടക്കം, ലളിതജീവിതം, ശാരീരിക ആരോഗ്യം, സാമൂഹിക സേവനം തുടങ്ങിയ മൂല്യങ്ങളെ അനുസ്മരിച്ചായിരുന്നു പരിപാടി. ആരോഗ്യമുള്ള ജനതയാണ് വികസിത ഭാരതത്തിന്റെ അടിത്തറ എന്ന സന്ദേശവും റണ്ണിലൂടെ പങ്കുവെച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പ്രവാസികൾക്കും ,സ്പോൺസർമാർക്കും വളണ്ടിയർമാർക്കും ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ അഭിനന്ദനം അറിയിച്ചു.








