
മലപ്പുറം: പ്രിയദർശിനി ജനകീയ വേദിയുടെ 2026-ലെ പുരസ്‌കാരത്തിന് പൊന്നാനി നിയോജകമണ്ഡലം എം.എൽ.എ നൗഷാദലി കെ.പി.യെ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തു.സാമൂഹിക, സാംസ്കാരിക, സാഹിത്യ, കലാ, ജീവകാരുണ്യ, പൊതുസേവന മേഖലകളിലെ ഇടപെടലുകളും ജനകീയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പ്രിയദർശിനി ജനകീയ വേദി അറിയിച്ചു.ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുമായി നിരന്തരം ഇടപഴകുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദവും സഹകരണവും വളർത്തുകയും സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്തതും പുരസ്‌കാര നിർണയത്തിൽ പരിഗണിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി. ഒക്ടോബർ 31-ന് ശനിയാഴ്ച പന്നിത്തടം ടെൽകോം ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക അനുമോദന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ, ശശി തരൂർ എം.പി., മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി., വി.ടി. ബൽറാം എം.എൽ.എ., ഷാനിമോൾ ഉസ്മാൻ, മാധ്യമപ്രവർത്തകനും അവതാരകനുമായ ശ്രീകണ്ഠൻ നായർ, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ മുൻകാലങ്ങളിൽ പ്രിയദർശിനി ജനകീയ വേദി പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്.സമൂഹത്തിലെ മികച്ച സേവന പ്രവർത്തനങ്ങളെ ആദരിക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.പുരസ്‌കാര ജേതാവായ നൗഷാദലി കെ.പി.യ്ക്ക് പ്രിയദർശിനി ജനകീയ വേദി സംസ്ഥാന കമ്മിറ്റി അഭിനന്ദനം അറിയിച്ചു. ഒക്ടോബർ 31-ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണവും സാന്നിധ്യവും സംഘാടകർ അഭ്യർത്ഥിച്ചു.






