
ഇബ്രി: ഒമാനിലെ പ്രമുഖ ആരോഗ്യസേവന സ്ഥാപനങ്ങളിലൊന്നായ മസ്‌കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സിന്റെ ഏറ്റവും പുതിയ ശാഖ ഇബ്രി സനായയിൽ പ്രവർത്തനം ആരംഭിച്ചു. ഇബ്രി ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് സൗദ് ബിൻ സലീം അൽ മഅ്മരി പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. മസ്‌കത്ത് ഫാർമസി മാനേജ്‌മെന്റ്, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ-ക്ഷേമ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ആധുനികവും മികച്ചതുമായ ഫാർമസി അനുഭവമാണ് പുതിയ ശാഖയിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ 57 വർഷ കാലയളവിൽ ഒമാന്റെ ആരോഗ്യരംഗത്തിന്റെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ച് വിശ്വാസം, ഗുണനിലവാരം, പ്രൊഫഷണൽ സേവനം എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ പ്രതിച്ഛായ കെട്ടിപ്പടുക്കാൻ തങ്ങൾക്ക് സാധിച്ചതായും മാനേജ്മെന്റ് പ്രതിനിധികൾ കൂട്ടിച്ചേർത്തു.
ആധുനികവും സമകാലികവുമായ റീട്ടെയിൽ മാതൃകയാണ് പുതിയ ശാഖയിൽ അവതരിപ്പിച്ചിരിക്കുന്നത്. മരുന്നുകൾക്കൊപ്പം ആരോഗ്യം, വെൽനെസ്, സൗന്ദര്യസംരക്ഷണം, വ്യക്തിഗത ശുചിത്വം, ശിശുപരിചരണം, ദൈനംദിന ആരോഗ്യ ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സൗഹൃദപരമായ അന്തരീക്ഷത്തിൽ ഇവിടെ ലഭ്യമാണ്.
പരമ്പരാഗത ഫാർമസി മാതൃകയിൽ നിന്ന് കൂടുതൽ വിശാലമായ ആരോഗ്യ-ക്ഷേമ സേവനങ്ങളിലേക്കുള്ള മസ്‌കത്ത് ഫാർമസിയുടെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്ന് . ഒമാനിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സമഗ്രവും വിശ്വസനീയവുമായ ആരോഗ്യ-ക്ഷേമ അനുഭവം ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മസ്‌കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സ് എൽ.എൽ.സി ചീഫ് ഓപറേറ്റിങ് ഓഫീസർ വൈരാലി മേത്ത പറഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികം നീളുന്ന പാരമ്പര്യം വലിയ അഭിമാനത്തോടൊപ്പം വലിയ ഉത്തരവാദിത്തവും നൽകുന്നതാണ്. ഉപഭോക്തൃ സേവന നിലവാരം നിരന്തരം ഉയർത്തുന്നതിനും, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് വളരുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.
ഇബ്രി സനായയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായും മികച്ച നിലവാരത്തിലും ആരോഗ്യ-ക്ഷേമ ഉൽപ്പന്നങ്ങളും ഫാർമസി സേവനങ്ങളും ഇവിടെ ലഭ്യമാകും.











