

മസ്‌കത്ത്: സുൽത്താനേറ്റിന്റെ വാണിജ്യ-നിക്ഷേപ സാധ്യതകൾ ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ‘ഇൻസ്പയർ ഒമാൻ’ സമ്മിറ്റിനുള്ള രജിസ്ട്രേഷൻ ഔദ്യോഗികമായി തുടങ്ങി.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഒ.സി.സി.ഐ) നേതൃത്വത്തിൽ ഒക്ടോബർ 14ന് മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ അരങ്ങേറുന്ന സമ്മിറ്റിലേക്ക് ഒമാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മന്ത്രിമാർ, ബിസിനസ് അതികായകർ, നയരൂപകർത്താക്കൾ, ലോകപ്രശസ്ത ബിസിനസ് ട്രെയിനർമാർ എന്നിവരെത്തും. സുസ്ഥിര സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നിവയുൾപ്പെടെ നിർണായക വിഷയങ്ങളിൽ സെഷനുകളും പാനൽ ചർച്ചകളും വേദിയിൽ നടക്കും.
നിക്ഷേപ സാധ്യതകൾ കണ്ടെത്താനും ബിസിനസ് ബന്ധങ്ങൾ വിപുലീകരിക്കാനും അനുഭവജ്ഞാനം പങ്കുവെക്കാനുമുള്ള മികച്ച വേദിയായി ഇൻസ്പയർ ഒമാൻ മാറുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക-സാമൂഹിക വികസനത്തിലും സംരംഭകത്വത്തിലും ഒമാൻ കൈവരിച്ച മികച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ മാതൃകയായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഒ.സി.സി.ഐയുടെ പിന്തുണയോടെ ‘മീഫ്രണ്ട്’ ആണ് ഇൻസ്പയർ ഒമാൻ പദ്ധതി നടപ്പാക്കുന്നത്.
സമ്മിറ്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള വി.വി.ഐ.പി, വി.ഐ.പി ഡെലിഗേറ്റുകൾക്കും മാധ്യമപ്രവർത്തകർക്കുമായി വെബ്സൈറ്റിൽ രജിസ്ട്രേഷൻ വിൻഡോ തുറന്നിട്ടുണ്ട്. പേര്, ഇമെയിൽ, കോൺടാക്ട് നമ്പർ എന്നിവ നൽകി എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം. ഒമാനിൽ നിന്നുള്ളവർക്കും പുറത്തുനിന്നുള്ളവർക്കും പ്രത്യേകം വിൻഡോകൾ ലഭ്യമാണ്. വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ അംഗീകാരം സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്, വാട്ട്‌സ്ആപ്പ്, ഇമെയിൽ മുഖേന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.inspireoman.com. ഇൻസ്പയർ ഒമാൻ’ സമ്മിറ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഇതോടൊപ്പം നൽകിയിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുക.











