
മസ്‌കത്ത്: വഴക്കമുള്ളതും ഭാവി ആവശ്യങ്ങൾക്ക് സജ്ജവുമായ തൊഴിൽവിപണി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഒമാൻ മാർഗരേഖ പുറത്തിറക്കി. ഭരണനിർവഹണം ശക്തിപ്പെടുത്തുന്നതിലും നിയമനിർമാണം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം കല, വിനോദം, ഉല്ലാസം തുടങ്ങിയ സാധ്യതയേറിയ സാമ്പത്തിക മേഖലകളെ പിന്തുണക്കാനും മാർഗരേഖയിൽ നിർദേശിക്കുന്നു. തൊഴിൽ മന്ത്രി ഡോ. മഹദ് സൈദ് ബാ ഒവൈന്റെ രക്ഷാധികാരത്വത്തിൽ നടന്ന മൂന്നാമത് തൊഴിൽ ഫോറത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽ വിപണി ലബോറട്ടറികളുടെ സമാപനത്തിലാണ് ഈ മാർഗരേഖ അംഗീകരിച്ചത്.
ഗണ്യമായ നിക്ഷേപ സാധ്യതയുള്ള മേഖലകളിലൊന്നായി കല, വിനോദം, ഉല്ലാസം മേഖലയെ വിശേഷിപ്പിച്ച മന്ത്രി, ഈ മേഖല വികസിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർധിത സംഭാവനകൾ വർധിപ്പിക്കുന്നതിനും ഈ മേഖലയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയുടെ വളർച്ചക്കും പ്രവർത്തന സ്വഭാവത്തിനും അനുയോജ്യമായ സംയോജിത നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണെന്നും ഇത് പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി, നീതി-നിയമകാര്യ മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയുള്ള പങ്കാളിത്ത സമീപനത്തിലായിരിക്കും തൊഴിൽ നിയമനിർമാണമെന്നും മന്ത്രി വ്യക്തമാക്കി. ഒമാൻ്റെ സാമ്പത്തിക വികസനത്തിൽ സാധ്യതയേറിയ മേഖലകൾക്ക് കൂടുതൽ വലിയ പങ്ക് വഹിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം, തൊഴിലിനും നിക്ഷേപത്തിനും പുതിയ വഴികൾ തുറക്കുമെന്നാണ് ഈ സംരംഭങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.










