ഒമാനിലേക്ക് വരുകയാണോ? 300 റിയാലിന്റെസാധനങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം

മസ്കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതിരഹിതമായി സമ്മാനങ്ങളും വ്യക്തിഗത സാധനങ്ങളും കൊണ്ടുവരുന്നതിനുള്ള പുതുക്കിയ നിബന്ധനകൾ വ്യക്തമാക്കി റോയൽ ഒമാൻ പൊലീസ്. 300 ഒമാനി റിയാലിൽ കൂടാത്ത മൂല്ല്യമുള്ള സാധനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഇളവ് ലഭിക്കുകയെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലിന്റെ അറിയിപ്പിൽ പറയുന്നു. ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമത്തിന്റെ ഭാഗമായാണ് പരിഷ്കാരം.
കൊണ്ടുവരുന്ന സാധനങ്ങൾ പൂർണമായും വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ളതായിരിക്കണമെന്നാണ് നിബന്ധന. വാണിജ്യപരമായ അളവിലുള്ളവക്ക് നികുതിരഹിത ആനുകൂല്ല്യം ലഭിക്കില്ല. നികുതിയില്ലാതെ ഇനി 200 സിഗരറ്റുകൾ മാത്രമാണ് കൊണ്ടുവരാൻകഴിയുക. നേരത്തേ ഇത് 400 ആയിരുന്നു. സാധനങ്ങൾ കൊണ്ടുവന്ന് കച്ചവടം നടത്തുന്നവർക്ക് തിരിച്ചടിയായി കസ്റ്റംസ് ചെക്ക്‌പോസ്റ്റുകൾ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവരെ ഈ ആനുകൂല്ല്യത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിഗത ലഗേജ് ഇളവുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഇതെന്നും കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.