വില ഇടിഞ്ഞേങ്കിലും അവസാനം എണ്ണവിപണി പിടിച്ചു നിന്നു

oil mktദോഹ ∙ ഒരു വർഷത്തിനിടെ ഒറ്റദിവസമുണ്ടാകുന്ന ഏറ്റവും വലിയ വിലയിടിവിനു ശേഷം എണ്ണവിപണി ഇന്നലെ നേരിയ തോതിൽ മെച്ചപ്പെട്ടു. 5.7 ശതമാനം വിലയിടിവാണു ബുധനാഴ്ചയുണ്ടായത്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 2.8 ഡോളർ കുറഞ്ഞ് 53.11 ഡോളറിലെത്തി. 53.65 ഡോളറായിരുന്നു ഇന്നലത്തെ വില.

യുഎസിലെ എണ്ണ സംഭരണത്തിലുണ്ടായ വർധനയും ഡോളർ ശക്തിപ്പെട്ടതുമാണു എണ്ണവിലയിടിവിനു കാരണമായി വിലയിരുത്തുന്നത്. ജനുവരി മുതൽ ഉൽപാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനം വന്ന നവംബർ മാസത്തിനു ശേഷം വില 50 ഡോളറിനു മുകളിൽ തുടരുകയാണ്. ഉൽപാദന നിയന്ത്രണം ആറു മാസത്തിനു ശേഷവും തുടരണോ എന്നതു സംബന്ധിച്ച ചർച്ചകൾ സൗദി അറേബ്യയും റഷ്യയും ആരംഭിച്ചിട്ടുണ്ട്. ഉൽപാദന നിയന്ത്രണം തുടരേണ്ടി വരുമെന്നായിരുന്നു സൗദി ഊർജ മന്ത്രി ഖാലിദ് അല‍് ഫാലിഹ് കഴിഞ്ഞ ദിവസം നൽകിയ സൂചനകൾ.

ഒപെക്കും റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും ചേർന്ന് 16 ലക്ഷം ബാരലിന്റെ ഉൽപാദനം കുറയ്ക്കാനാണു തീരുമാനിച്ചത്. തീരുമാനം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും ഉൽപാദന കുറവു വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയെന്നുമാണു വിദഗ്ധരുടെ വിലയിരുത്തിൽ.

എണ്ണ ആവശ്യം വർധിച്ചത് സംഭരണത്തിൽ കുറവുണ്ടാക്കുമെന്നാണു ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പിന്റെ നിഗമനം. എന്നാൽ അവസരം മുതലെടുത്ത് യുഎസിലെ ഷെയ്ൽ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. വില വർധിക്കുന്നതോടെ കൂടുതൽ ഷെയ്ൽ ഉൽപാദകർ രംഗത്തെത്താൻ സാധ്യതയേറെയാണ് ഒപെക് രാജ്യങ്ങളുടെ ഉൽപാദന കുറവ് ഷെയ്ൽ ഉൽപാദകർ മുതലെടുക്കുന്നതിനെതിരെ സൗദി അറേബ്യ ജാഗ്രത പാലിക്കുന്നുണ്ട്. മറ്റുള്ളവരെ കൊണ്ട് ഉപയോഗിക്കപ്പെടുവാൻ സൗദി അറേബ്യ നിന്നു കൊടുക്കില്ലെന്നു ഊർജ മന്ത്രി അൽ ഫാലിഹ് പറഞ്ഞു.

ഒപെക് രാജ്യങ്ങളുടെ ഉൽപാദനത്തിൽ മാത്രം പത്തു ലക്ഷം ബാരലിന്റെ കുറവുണ്ടായിട്ടുണ്ട്. സൗദി അറേബ്യ 4.86ലക്ഷം ബാരലിന്റെ കുറവു വരുത്തി ഉൽപാദനം1.01കോടി ബാരലായി പരിമിതപ്പെടുത്തുമെന്നാണു പ്രഖ്യാപിച്ചിരുന്നതെങ്കിലും ജനുവരിയിൽ അതിലേറെ ഉൽപാദനം കുറച്ചു. മറ്റു രാജ്യങ്ങളും വാഗ്ദാനത്തിൽ ഉറച്ചു നിന്നതോടെ ആകെ ഒപെക് ഉൽപാദനം പ്രതിദിനം 2.92കോടി ബാരലായി കുറഞ്ഞു. ഒപെക് ഇതര രാജ്യങ്ങളിൽ റഷ്യയ്ക്കു പുറമേ ഒമാൻ, കസ്സക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഉൽപാദനം കുറച്ചിട്ടുണ്ട്.

എണ്ണ ഉൽപാദനത്തിൽ വരുത്തിയ നിയന്ത്രണം ജൂണിനു ശേഷവും തുടരണമോയെന്നു മേയ് 25നു വിയന്നയിൽ ചേരുന്ന യോഗം തീരുമാനിക്കും. ആറു മാസത്തേക്കു കൂടി തുടരാനാണു സാധ്യത.