ഈ വാരാന്ത്യത്തില്‍ ഖത്തറിലെ പ്രധാന പരിപാടികള്‍

peral-01ദോഹ: ഫിലിപ്പിനോ-ഖത്തര്‍ സാംസ്‌കാരിക പരിപാടി മുതല്‍ സ്‌കൂബ ഡൈവിംഗും സല്‍സ നൃത്ത ക്ലാസുകളുമടക്കം നിരവധി പരിപാടികളാണ് ഈവാരാന്ത്യം മനോഹരമാക്കാന്‍ ഖത്തറില്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമെ ധാരാളം പരിപാടികള്‍ ഖത്തറില്‍ അടുത്ത ദിവസങ്ങളിലായി അരങ്ങേറും.

പരിസ്ഥിതി വിനോദസഞ്ചാര സ്ഥാപനമായ എന്റാലെക് ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് നാളെ ഒരുക്കിയിട്ടുളളത്. പോട്ടറി നിര്‍മാണ വര്‍ക്ക്‌ഷോപ്പ്, ഉച്ചവിരുന്ന്, കയാക്കിംഗ് എന്നിവ ഇവയില്‍ ചിലതാണ്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ പങ്കെടുക്കാനെത്തുന്നവര്‍ക്ക് അള്‍ തഖിരയില്‍ സന്ധിക്കാം. പിന്നീട് പോട്ടറി സ്റ്റുഡിയോയിലേക്ക് രാത്രി ഏഴരയോടെ പരിപാടികള്‍ അവസാനിക്കും.

അറബിക് വിഭവങ്ങളടങ്ങിയ ഭക്ഷണവും ഇവിടെ ആസ്വദിക്കാം. സസ്യ-സസ്യേതര വിഭവങ്ങള്‍ ലഭ്യമാണ്. ഒരാള്‍ക്ക് 285 ഖത്തര്‍ റിയാലാണ് പ്രവേശന ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി എന്റാലെക്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
രണ്ട് ദിവസത്തെ പരിപാടികളാണ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കിയിട്ടുളളത്. വിനോദവും മത്സരവും ഭക്ഷണവും എല്ലാം അടങ്ങിയ പരിപാടി ലാന്‍ഡ്മാര്‍ക്ക് മാളിന് സമീപമുളള ഹമാം പാര്‍ക്കിലാണ് ഒരുക്കിയിട്ടുളളത്. വൈകിട്ട് ആറര മുതല്‍ രാത്രി പതിനൊന്ന് വരെയാണ് പരിപാടികള്‍.ഇന്ന് ഫിലിപ്പിനോ പരിപാടികളും നാളെ ഖത്തര്‍ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഒരുമാസം നീളുന്ന വേനല്‍ക്കാല ആഘോഷങ്ങളോടനുബന്ധിച്ചും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.