സൗദി ;ജിസിസിയിൽ ആദ്യ ഹൈഡ്രജൻ ട്രെയിൻ

റിയാദ്: ജിസിസിയിൽ ആദ്യമായി ഹൈഡ്രജന്‍ ട്രെയിന്‍ സൗദി അറേബ്യയിൽ . പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. അധികം വൈകാതെ രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി റെയില്‍വേ അധികൃതർ വ്യക്തമാക്കി.ഫ്രെഞ്ച് ട്രെയിന്‍ ഗതാഗത കമ്പനിയായ അല്‍സ്റ്റോമുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ ഇതുസംബന്ധിച്ച ധാരണ പത്രത്തില്‍ സൗദി ദേശീയ റെയില്‍വെ കമ്പനി ഒപ്പുവച്ചിരുന്നെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴാണ് തുടക്കം കുറിച്ചിരിക്കുന്നത്.രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രജന്‍ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യം അടുത്തിടെ ആവിഷ്‌ക്കരിച്ച ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതി ശുദ്ധമായ ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിടുന്നു.ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ക്ക് കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും മകച്ച സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ സുസ്ഥിരമായ ഗതാഗത സംവിധാനമായി റെയില്‍വെയെ മാറ്റുമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് സര്‍വീസ് വകുപ്പ് മന്ത്രി സലാഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ പറഞ്ഞു.