സുകൃത പാത’യിലൂടെ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ നാമധേയത്തിലുള്ള ചികിത്സാ പദ്ധതികൾക്ക് തുടക്കം കുറിച്ചു

കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ ഉൾപ്പെടുന്ന കൽക്കത്താ ഭദ്രാസനത്തിന്റെ കീഴിലുള്ള ഭിലായി സെന്റ് തോമസ് ഓർത്തഡോക്സ് മിഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ പിൻഗാമിയും, പൗരസ്ത്യ കാതോലിക്കായും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണവും, സെന്റ് തോമസ് മിഷന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ നാമധേയത്തിൽ നടപ്പാക്കുന്ന ചികിത്സാ പദ്ധതികളുടെ ഉത്ഘാടനവും പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ നടന്നു.`സുകൃത പാത`യെന്ന പേരിൽ ഓഗസ്റ്റ് 1, ഞായറാഴ്ച്ച 3 മണിക്ക് ക്രമീകരിച്ച സമ്മേളനത്തിന്റെ ഉത്ഘാടനം മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. ദൈവസൃഷ്ഠികളിലെല്ലാമുള്ള നിയോഗവും ദൗത്യവും തിരിച്ചറിഞ്ഞ്, മതങ്ങൾക്കപ്പുറമുള്ള ഒരു സുവിശേഷം പകരുവാൻ പരിശുദ്ധ ബാവാ തിരുമേനിക്ക് സാധിച്ചിരിന്നുവെന്ന് മാർത്തോമാ മെത്രാപ്പോലീത്താ അനുസ്മരിച്ചു.

സമ്മേളനത്തിനു മുന്നോടിയായി പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്റർ അങ്കണത്തിൽ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം മാർത്തോമാ മെത്രാപ്പോലീത്താ ഒലിവ് തൈകൾ നടുകയുണ്ടായി.

ക്രിസ്ത്യൻ മിഷൻ പഠനങ്ങളെയും പ്രവർത്തനങ്ങളേയും ആസ്പദമാക്കി കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് രചിച്ച `ഹാൻഡ് ബുക്ക് ഓൺ ക്രിസ്ത്യൻ മിഷൻ സ്റ്റഡീസ്` എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം അഡ്വ. ബിജു ഉമ്മനു നല്കികൊണ്ട് മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. ഗ്രന്ഥം സഭയ്ക്കും സമൂഹത്തിനും കാലഘട്ടത്തിനും പ്രയോജനമുള്ള ഒരു പുസ്തകമായിത്തീരട്ടെയെന്ന്, മാർത്തോമാ മെത്രാപ്പോലീത്താ ആശംസിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാ. കെ.വി. പോൾ ഏറ്റുവാങ്ങി.

മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും ചെന്നൈ-കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭിലായി സെന്റ് തോമസ് മിഷൻ വൈസ് പ്രസിഡണ്ട് റവ. ഗീവർഗ്ഗീസ് റമ്പാൻ സ്വാഗതവും, പാത്താമുട്ടം ശ്ലീബാ ഇടവക സഹവികാരി ഫാ. കുര്യാക്കോസ് പി. തോമസ് നന്ദിയും അർപ്പിച്ചു.

കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. എബ്രഹാം ഉമ്മൻ, റവ. ജോൺ ചിറത്തലാട്ട് കോർ-എപ്പിസ്കോപ്പാ, ഫാ. ഫിലിപ്പ് കുരുവിള, ഫാ. പി.ടി. തോമസ്‌, സെന്റ് തോമസ് മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഡോ. ജേക്കബ്‌ മണ്ണുംമൂട്‌ എന്നിവർ പ്രസംഗിച്ചു.

കോവിഡ്-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഓൺലൈനിലും മറ്റുമായി പങ്കെടുത്തു.