കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊച്ചിയില്‍ യുവതി ജീവനൊടുക്കി. പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജ കെ. ജോസി (22)യാണ് കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്.തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ വീട്ടില്‍ നിന്നും കാണാതായത്. പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് .
അനൂജ കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു . കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് അനൂജ എത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ട്.