വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി

ഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി.കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. നിലവിലെ ബില്ലിനെ രണ്ട് എംപിമാർ എതിർത്തു. ബിൽ നാളെ രാജ്യസഭയിലെത്തും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലാണ് വനിതാ സംവരണ ബിൽ. എട്ട് മണിക്കൂറിലേറെ നീണ്ട ചർച്ചയാണ് പാർലമെന്റിൽ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ബിൽ പാസാക്കിയാലും വർഷങ്ങൾ കഴിഞ്ഞ് മത്രമേ അതിന്റെ ​ഗുണഫലങ്ങൾ ലഭിക്കുകയുള്ളു എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും പറഞ്ഞത് . എന്നാൽ ഇത് സർക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടൽ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷൻ കമ്മിഷൻ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ജനസംഖ്യ സെൻസസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാൻ സാധിക്കൂയെന്നും നിയമമന്ത്രി ലോക്സഭയിൽ പറഞ്ഞു.