
മനാമ : ബഹ്‌റൈൻ സന്ദർശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള മാർഗങ്ങൾ യോഗത്തിൽ ചർച്ചയായി.
ബഹ്‌റൈൻ സന്ദർശനത്തിൽ സന്തോഷം രേഖപ്പെടുത്തിയ മാർക്കോ റൂബിയോ, രാജാവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് അറിയിച്ചു. സാമ്പത്തിക, പ്രതിരോധ മേഖലകളിലെ സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ചൂണ്ടിക്കാട്ടി. മേഖലാപരവും അന്താരാഷ്ട്രവുമായ പുതിയ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കൾ വിശദമായ ആശയവിനിമയം നടത്തി.
മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ തുടരുന്ന നയതന്ത്ര ശ്രമങ്ങൾ യോഗത്തിൽ വിലയിരുത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ധാരണാപത്രം മേഖലയിലെ സമാധാനത്തിനും പ്രശ്നപരിഹാരത്തിനും സഹായകമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. സംഭാഷണങ്ങളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.







