
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അനുവദിച്ച പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയമനടപടികൾ കാരണം വൈകുന്ന സാഹചര്യത്തിൽ താൽക്കാലിക ഭരണപരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബുക്കിങ് പോർട്ടലെന്ന് എംബസി അധികൃതർ അറിയിച്ചു.
book.passportindiauae.com എന്ന വെബ്സൈറ്റ് വഴി അപ്പോയിൻമെന്റുകൾ ബുക്ക് ചെയ്യാമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണിവരെയാകും അപോയിൻമെന്റ് സ്ലോട്ടുകൾ ലഭ്യമാവുക. ലഭിച്ച സമയത്തിന് 15 മിനിറ്റ് മുമ്പാകും പ്രവേശനം അനുവദിക്കുക. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമാകും അപേക്ഷകന് മാത്രമാകും ഓഫിസിലേക്ക് പ്രവേശനം ലഭിക്കുകയെന്നും കുട്ടികളായ അപേക്ഷകർക്ക് മാത്രമായിരിക്കും ഇതിൽ ഇളവുണ്ടാവുകയെന്നും എംബസി അധികൃതർ അറിയിച്ചു. അബൂദബി ഇന്ത്യൻ എംബസിയിൽ കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് അപോയിൻമെന്റ് എടുത്തവർക്ക് അൽ സഫാറത്ത് സ്ട്രീറ്റിലെ പ്രധാന കവാടത്തിലൂടെയായിരിക്കും പ്രവേശനം. രേഖകളുടെ ഡെലിവറിയടക്കം സംശയങ്ങൾക്കും വിശദീകരണങ്ങൾക്കും അബൂദബി അൽ ഇഷിറ സ്ട്രീറ്റിലെ ഗാർഡിയൻ ടവർ ബിൽഡിങ്ങിലുള്ള കോൺസുലാർ വിങ്ങിനെയാണ് ബന്ധപ്പെടേണ്ടത്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പാസ്പോർട്ട്, വിസ സേവനങ്ങൾക്കുള്ള അപേക്ഷകർ രണ്ടാം നമ്പർ ഗേറ്റിലൂടെയാണ് അകത്ത് കടക്കേണ്ടത്. അറ്റസ്റ്റേഷൻ സേവനങ്ങൾ ആവശ്യമുള്ളവരും സംശയ ദൂരീകരണത്തിനും എത്തുന്നവർക്ക് ഒന്നാം നമ്പർ ഗേറ്റ് ഉപയോഗിക്കാം. അപ്പോയിൻമെന്റില്ലാതെ എത്തിയാൽ ലഭിക്കുന്ന സേവനങ്ങൾ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഒമ്പത് മുതൽ 11 മണി വരെ നിശ്ചിത അപേക്ഷകർക്ക് മാത്രമായിരിക്കും ഇങ്ങനെ പ്രവേശനം. നവജാത ശിശുക്കളുടെ പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് എത്തുന്നവർക്കാകും അപോയിൻമെന്റില്ലാതെ മുൻഗണനയെന്നും മറ്റുള്ളവർ അപോയിൻമെന്റ് സേവനം വിനിയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.







