

മസ്കത്ത്: ജോലിത്തിരക്കിന്റെയും ഉറക്കമൊഴിക്കലിന്റെയും പ്രയാസങ്ങൾ ഒന്നും കണക്കിലെടുക്കാതെ ഫുട്ബാൾ എന്ന ഒരൊറ്റ വികാരത്തിൽ ഒരു നഗരം മുഴുവന്‍ ലയിച്ച കാഴ്ചയാണ് ഞായറാഴ്ച രാത്രി കണ്ടത്. ലോകകപ്പ് ഫൈനല്‍ പോരാട്ടം ബിഗ് സ്ക്രീനില്‍ കാണാനായി മസ്കത്ത് അല്‍ ഫലാജ് ഹോട്ടലിലേക്ക് ഒഴുകിയെത്തിയത് പ്രവാസികളടക്കം നൂറുകണക്കിനാളുകളാണ്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ, എല്ലാ പ്രായക്കാരും ഒത്തുചേര്‍ന്നതോടെ ഹോട്ടല്‍ പരിസരം ഒരു മിനി സ്റ്റേഡിയമായി രൂപം മാറി. അതിരാവിലെ ഡ്യൂട്ടിക്ക് കയറേണ്ടവര്‍ പോലും ഈ ഒരു രാത്രിക്കായി തങ്ങളുടെ ക്ഷീണത്തെ കുറിച്ച ചിന്ത മാറ്റിവെച്ചു. സ്പെയിനിന്റെ ഓരോ മുന്നേറ്റങ്ങളിലും അർജന്റീനയുടെ പിഴവുകളിലുമെല്ലാം ഉയര്‍ന്ന ആരവങ്ങള്‍ അന്തരീക്ഷത്തെ വീറും വാശിയും നിറഞ്ഞതാക്കി.
പ്രിയപ്പെട്ട ടീമിന്റെ ജേഴ്സിയണിഞ്ഞായിരുന്നു കുട്ടികളടക്കം പലരും ആവേശത്തോടെ എത്തിയത്. മുതിര്‍ന്നവരും യുവാക്കളും ഓരോ നീക്കവും സൂക്ഷ്മമായി വിലയിരുത്തി ചര്‍ച്ച ചെയ്തു. വീട്ടില്‍ ഒറ്റക്കിരുന്ന് കളി കാണുന്നതിനെക്കാള്‍ ആവേശവും ആസ്വാദ്യകരമായിരുന്നു ബിഗ് സ്ക്രീനിലെ കാഴ്ചയെന്ന് കളി കാണാനെത്തിയവർ പങ്കുവെച്ചു.
സംഘാടകര്‍ ഒരുക്കിയ സൗകര്യങ്ങളും എടുത്തുപറയേണ്ടതാണ്. സ്റ്റേഡിയത്തിന്റെ അനുഭവം പകരുന്ന ഹൈ-ഡെഫനിഷന്‍ സ്ക്രീന്‍, തത്സമയ ആവേശം ഒട്ടും ചോരാതെ എത്തിച്ച ശബ്ദസംവിധാനം, കുടുംബങ്ങള്‍ക്കും സുഹൃദ് സംഘങ്ങള്‍ക്കും സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍, ലഘുഭക്ഷണം എന്നിവയെല്ലാം ചടങ്ങിനെ കൂടുതല്‍ ഹൃദ്യമാക്കി. അവസാന വിസില്‍ മുഴങ്ങുന്നത് വരെ ശ്വാസമടക്കിപ്പിടിച്ചാണ് കാണികള്‍ ഇരുന്നത്. പ്രവാസത്തിന്റെ തിരക്കിലും നാലുവർഷത്തിലൊരിക്കലെത്തുന്ന കാൽപന്തുകളിയുടെ ആഗോള മാമാങ്കത്തിന്റെ കലാശപ്പോര് ഒരുമിച്ചാസ്വദിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് ഓരോരുത്തരും മടങ്ങിയത്. ഇത്തരം കൂട്ടായ്മകള്‍ പ്രവാസ ജീവിതത്തില്‍ നല്കുന്ന ആശ്വാസവും സന്തോഷവും വാക്കുകള്‍ക്ക് അതീതമാണെന്ന് ഇവിടെയെത്തിയവർ ഒരേ സ്വരത്തില്‍ പറഞ്ഞു.










