
മസ്കത്ത്: നിർമാണതകരാറുള്ള വാഹനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെടലിനെ തുടർന്ന് ഉപഭോക്താവിന് മാറ്റി ലഭിച്ചു. വടക്കൻ ബാത്തിനയിലെ ഡീലറിൽ നിന്ന് വാങ്ങിയ 32000 റിയാൽ വിലവരുന്ന പുതിയ വാഹനം വാങ്ങി ദിവസങ്ങൾക്കകം തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉപഭോക്താവ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അതോറിറ്റി അധികൃതർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് വാഹനം മാറ്റിനൽകാൻ ഡീലർ സമ്മതമറിയിച്ചത്.
വാഹനം വാങ്ങി ദിവസങ്ങൾക്കകം ഡാഷ് ബോർഡിൽ മുന്നറിയിപ്പ് ലൈറ്റ് കത്തുകയായിരുന്നു. തുടർന്ന് പരിശോധനക്ക് വാഹനം ഡീലർക്ക് കൈമാറി.
പരിശോധനയിൽ എഞ്ചിനിൽ എഞ്ചിൻ ഓയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു. തുടർന്ന് എഞ്ചിൻ പൂർണമായി തകരാറിലാവുകയായിരുന്നു. നിർമാണപിഴവിനെ തുടർന്ന് വാഹന കമ്പനി തിരിച്ചുവിളിച്ച വിഭാഗത്തിൽ പെട്ട വാഹനമായിരുന്നു ഇതെന്നും അതോറിറ്റി അറിയിച്ചു.








