
മസ്കത്ത്: ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിന് ഒമാൻ മുന്നോട്ടുവെച്ച നിർദേശം ഇറാൻ തള്ളിയതായി അന്താരാഷ്ട്ര വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്ന നിർദേശം മേഖലയിൽ ദീർഘകാല പ്രാദേശിക സുരക്ഷ കൈവരിക്കുംവരെയുള്ള ഇറാന്റെ സുരക്ഷ ആശങ്കകൾ പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഇറാൻ ഉപവിദേശകാര്യമന്ത്രി കാസിം ഗരീബാദി സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു.
ഹോർമൂസ് തുറക്കുന്നതിനുള്ള താൽക്കാലിക സംവിധാനമായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദേശ പ്രകാരം ഒരുവശത്തേക്കുള്ള കപ്പൽഗതാഗതം പൂർണമായും തിരിച്ചുള്ളതിന്റെ ഒരു ഭാഗവും ഇറാന്റെ ഭാഗത്തുള്ള ജലപാതയിലൂടെയായിരിക്കണം. ഇറാന്റെ നിർദേശം മസ്കത്ത് തള്ളുന്ന പക്ഷം ഹോർമൂസ് അടഞ്ഞുതന്നെ കിടക്കുമെന്നും കാസിം ഗരീബാദി പറഞ്ഞു. ഒമാൻ തീരത്തിനോട് ചേർന്ന് തുറന്ന പുതിയ ജലപാത ഇറാൻ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മലാക്ക കടലിടുക്ക്’ മാതൃകയിൽ ഇരു രാജ്യങ്ങൾക്കും തുല്ല്യപങ്കാളിത്തം കപ്പൽപാതകളിൽ വേണമെന്നായിരുന്നു ഒമാന്റെ നിർദേശം.









