
മസ്കത്ത്: മൊബൈൽ, ഫിക്സഡ്-ലൈൻ നമ്പർ പോർട്ടബിലിറ്റി സംബന്ധിച്ച നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) പുതുക്കി. നിലവിലെ നമ്പർ നിലനിർത്തി ഉപഭോക്താക്കൾക്ക് ഇനി എളുപ്പത്തിൽ മറ്റൊരു ടെലികോം കമ്പനിയിലേക്ക് മാറാൻ സാധിക്കും.
പുതിയ കമ്പനിക്കാണ് അപേക്ഷ നൽകേണ്ടത്. അവർ വിവരങ്ങൾ പരിശോധിച്ച് നിശ്ചിത സമയത്തിനകം നമ്പർ മാറ്റം പൂർത്തിയാക്കണം. അപേക്ഷ നൽകിയ ഉപഭോക്താവിനെ പിന്തിരിപ്പിക്കാനോ ഓഫറുകൾ നൽകി നിലനിർത്താനോ പഴയ കമ്പനിക്ക് അനുവാദമില്ല. മാറ്റം വൈകിപ്പിക്കുന്നതിനും വിലക്കുണ്ട്.
കുടിശ്ശിക തീർപ്പാക്കാൻ പഴയ കമ്പനി ഓൺലൈൻ സൗകര്യം ഒരുക്കണം. എന്നിട്ടും കുടിശിക അടക്കാത്ത പക്ഷം പുതിയ കമ്പനിക്ക് സിം റദ്ദാക്കേണ്ടിവരും. നിയമവിരുദ്ധമായി പോർട്ട് ചെയ്ത നമ്പറുകൾ പഴയ കമ്പനിയിലേക്ക് തിരികെ അയക്കും.
പുതിയ ലൈസൻസുള്ള കമ്പനികൾ 90 ദിവസത്തിനകം സെൻട്രൽ പോർട്ടബിലിറ്റി സിസ്റ്റവുമായി ബന്ധിപ്പിക്കണം. ഓരോ വിജയകരമായ നമ്പർ മാറ്റത്തിനും 1.5 ഒമാനി റിയാൽ വീതം ട്രായ്ക്കും പഴയ കമ്പനിക്കും നൽകണം. 2008ലെ പഴയ ചട്ടത്തിനു പകരമായാണ് ഇത്; ഗസറ്റ് പ്രസിദ്ധീകരണത്തിന്റെ പിറ്റേന്ന് മുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരും.











