
മനാമ: ബഹ്‌റൈനിലെ സെപ്റ്റംബർ മാസത്തേക്കുള്ള അംഗീകൃത ഇന്ധനവിലകൾ ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങളും രാജ്യത്ത് നിലവിലുള്ള വിലനിർണയ സംവിധാനവും പരിഗണിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്.
സെപ്റ്റംബർ 2 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ജയ്യിദ് (91) പെട്രോളിന് ലിറ്ററിന് 0.225 ബഹ്‌റൈനി ദിനാർ, മുംതാസ് (95) പെട്രോളിന് 0.247 ദിനാർ, സൂപ്പർ (98) പെട്രോളിന് 0.380 ദിനാർ, ഡീസലിന് 0.229 ദിനാർ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.എന്നാൽ , ബഹ്‌റൈൻ സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന ഡീസൽ സബ്സിഡി തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി.
ആഗോള ഇന്ധന വിപണിയിലെ വിലമാറ്റങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് ഇന്ധനവിലയിൽ ആവശ്യമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.







