ബഹ്‌റൈൻ്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയ്ക്ക് നിർണായക പങ്ക്

മനാമ: ബഹ്‌റൈന്റെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണെന്ന് ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്ത് കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്നതിലും സ്വകാര്യ മേഖല വഹിക്കുന്ന പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാന സാമ്പത്തിക മേഖലകൾക്ക് ആവശ്യമായ പിന്തുണയും വിഭവങ്ങളും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകുന്നതിലും റീട്ടെയിൽ മേഖല പ്രധാന പങ്കാണ് വഹിക്കുന്നത്. ഈ മേഖലയിലെ വളർച്ചയ്ക്കും നിക്ഷേപത്തിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ സ്ഥിരമായി ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളുടെ പ്രാധാന്യവും ഷെയ്ഖ് സൽമാൻ എടുത്തുപറഞ്ഞു.ബഹ്‌റൈനിലെ റീട്ടെയിൽ മേഖലയ്ക്ക് ലുലു ഗ്രൂപ്പ് നൽകിവരുന്ന സംഭാവനകളെയും ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിൽ ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെയും മന്ത്രി പ്രശംസിച്ചു.സ്വകാര്യ മേഖലയ്ക്ക് ബഹ്‌റൈൻ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് എം.എ. യൂസഫലി നന്ദി അറിയിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അതിന്റെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിലും ലുലു ഗ്രൂപ്പ് തുടർന്നും സജീവമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ബഹ്‌റൈനിലെ നിക്ഷേപ, വ്യാപാര മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള സർക്കാർ നയങ്ങളുടെ തുടർച്ചയായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.