ബഹ്‌റൈനിൽ സ്ഥാപങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു വിസ തേടൽ : ഏഷ്യൻ സ്വദേശികൾക്കു ശിക്ഷ വിധിച്ചു

മനാമ: വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) ഉണ്ടാക്കി വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് 2,11,000 ബഹ്റൈനി ദിനാർ പിഴ. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു. നിലവിലില്ലാത്ത 64 വ്യാജ സ്ഥാപനങ്ങൾ സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ഏഴ് പ്രതികളും ചേർന്ന് വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 211 വിസകൾ നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി. എൽ.എം.ആർ.എ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പിഴത്തുക പൂർണമായി അടച്ചുതീർത്ത ശേഷമായിരിക്കും നാടുകടത്തൽ. തൊഴിൽ വിപണിയെ തകർക്കുന്നതും നിയമങ്ങൾ ലംഘിക്കുന്നതുമായ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.