
മനാമ: ബഹ്റൈനിൽ തൊഴിൽ വിപണി നിയമലംഘനങ്ങൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓഗസ്റ്റ് മാസത്തിൽ നടത്തിയ പരിശോധനകളിൽ 77 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പരിശോധനകളുടെ ഭാഗമായി നിയമലംഘകരായ 543 പേരെ നാടുകടത്തുകയും ചെയ്തു. രാജ്യവ്യാപകമായി ആകെ 3,152 പരിശോധനാ ക്യാംപെയ്നുകളും സന്ദർശനങ്ങളുമാണ് നടത്തിയത്. ഇതിൽ വിവിധ ഗവർണറേറ്റുകളിലായി 2,973 സ്ഥാപന സന്ദർശനങ്ങളും 179 സംയുക്ത പരിശോധനാ ക്യാംപെയ്നുകളും ഉൾപ്പെടുന്നു. തൊഴിൽ വിപണിയുടെയും താമസനിയമങ്ങളുടെയും ലംഘനങ്ങൾ കണ്ടെത്തിയ എല്ലാ കേസുകളിലും നിയമനടപടി സ്വീകരിച്ചു.ആഭ്യന്തര മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. ബഹ്റൈനിലെ തൊഴിൽ വിപണിയുടെ സ്ഥിരതയും മത്സരക്ഷമതയും സംരക്ഷിക്കുന്നതിനായി രാജ്യവ്യാപക പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.






