
മസ്കത്ത്: മയക്കുമരുന്ന് ഉപയോഗവും കടത്തലും തടയുന്നതിനായുള്ള നിയമം പരിഷ്കരിച്ച് സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ സമിതി, സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ എന്നിവടങ്ങുന്ന ഒമാൻ കൗൺസിൽ നിയമത്തിന് നേരത്തേ അംഗീകാരം നൽകിയിരുന്നു. 67/2026 നമ്പർ രാജകീയ ഉത്തരവ് അനുസരിച്ചുള്ള ഈ നിയമത്തിന്റെ ചട്ടങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രി ഉത്തരവ് പുറപ്പെടുവിക്കും. അതുവരെ നിലവിലുള്ള നിയമങ്ങളായിരിക്കും തുടരുകയെന്നും രാജകീയ ഉത്തരവിൽ പറയുന്നു.
വ്യക്തി നിയമ സംരക്ഷണം സംബന്ധിച്ച നിയമത്തിലെ ചില വകുപ്പുകളും ധാതുസമ്പത്ത് സംബന്ധിച്ച നിയമത്തിലെ ചില വകുപ്പുകൾ പരിഷ്കരിച്ചും രാജകീയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ധാതുസമ്പത്ത് നിയമ പരിഷ്കാരം നടപ്പിൽ വരുന്നതിന് മുമ്പ് അനുവദിച്ച ലൈസൻസുകൾ അവയുടെ കാലാവധി പൂർത്തിയാകുന്നത് വരെ സാധുവായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഗസറ്റിൽ പബ്ലിഷ് ചെയ്ത് അടുത്ത ദിവസം മുതൽ നിയമം പ്രാബല്ല്യത്തിൽ വരും.











