
മനാമ: ബഹ്റൈനിലും സൗദി അറേബ്യയിലും ലൈസൻസുള്ള ടാക്സികൾക്ക് കിംഗ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരെ കൊണ്ടുപോകാൻ അനുമതി. പുതിയ സംവിധാനം സെപ്റ്റംബർ 6 മുതൽ പ്രാബല്യത്തിൽ വന്നു.ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം സൗദി അറേബ്യയിലെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് അധികൃതരുമായും നടത്തിയ ഏകോപനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിശ്ചിത ചട്ടങ്ങളും നിബന്ധനകളും പാലിക്കുന്ന ടാക്സികൾക്കാണ് കോസ്വേ കടന്ന് സർവീസ് നടത്താൻ അനുമതിയുള്ളത്.ഔദ്യോഗികമായി ലൈസൻസ് നേടിയ ടാക്സികൾക്ക് മാത്രമാണ് യാത്രക്കാരെ കൊണ്ടുപോകാൻ അനുമതി. വാഹനങ്ങൾ നിശ്ചിത സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കണം. സൗദിയിലെ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുമതിയുണ്ടാകില്ല.
ഇരു രാജ്യങ്ങൾക്കുമിടയിലെ കര ഗതാഗതം കൂടുതൽ വികസിപ്പിക്കുകയും പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ യാത്ര സുഗമമാക്കുകയും ഗതാഗത മേഖലയിലെ പരസ്പര ബന്ധം ശക്തിപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദാഇൻ പറഞ്ഞു.സൗദി അധികൃതരുമായി നടത്തിയ സഹകരണത്തെയും ഏകോപനത്തെയും അവർ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പുതിയ ടാക്സി സർവീസ് കാര്യക്ഷമമായി നടപ്പാക്കാനും നിയന്ത്രിക്കാനും ഈ സഹകരണം സഹായിക്കുമെന്നും അവർ വ്യക്തമാക്കി.







