
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷമായി തൊഴിലാളികൾക്കായി നടത്തി വരുന്ന ‘ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജനകീയമായി സമാപിച്ചു. തൂബ്ലിയിലെ പ്രശസ്തമായ അലൂമിനിയം വർക്ക്സൈറ്റിൽ നടന്ന സമാപന ചടങ്ങിൽ ക്യാപിറ്റൽ ഗവർണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായി പങ്കെടുത്തു.ചേംബർ ഓഫ് കൊമേഴ്സ് ഭരണസമിതി അംഗം ബോബ് താക്കർ 2026ലെ ഹെൽപ്പ് ആൻഡ് ഡ്രിങ്ക് പദ്ധതിയുടെ വിതരണ പ്രവർത്തനങ്ങളുടെ സമാപന ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ചടങ്ങിന് നേതൃത്വം നൽകി.ചാരിറ്റി കൺവീനറും സാമൂഹിക സേവന പ്രവർത്തകനുമായ സുബൈർ കണ്ണൂർ, വൺ ബഹ്റൈൻ ടുഗതർ ഭാരവാഹി ആന്റണി പൗലോസ്, ടീം തൗഫീഖ്, കാസിം പാടത്തകായിൽ, ദാർ അൽ ഷിഫ മെഡിക്കൽ ടീം, സനിൽ ഫുഡ് ഗ്രൂപ്പ് പ്രതിനിധികൾ, അജീഷ്, റാഷിദ്, സുബൈർ, മൊയ്തീൻ ഹാജി, സൈനൽ, നൗഷാദ് പൂനൂർ, ഖൈസ് അഴീക്കോട്, ഹുസൈൻ വയനാട്, അൻവർ ശൂരനാട്, ബദർ പൂവാർ, മജീദ് തണൽ, സെമീർ, അൻവർ നിലമ്പൂർ, മണികുട്ടൻ, അനിൽ റോസ് വുഡ്, മനാഫ്, ദിനേശ് പള്ളിയാലിൽ, സാജിദ്, ഖലീൽ തുടങ്ങി വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളും വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.ആയിരത്തിലധികം തൊഴിലാളി സഹോദരങ്ങൾ പരിപാടിയുടെ ഭാഗമായി. കടുത്ത ചൂടിലും തണുപ്പിലും തൊഴിലാളികൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായ ബോധവൽക്കരണവും നടന്നു.ബഹ്റൈനിലെ കടുത്ത വേനൽക്കാലത്ത് നിർമ്മാണ മേഖലയിലും മറ്റ് തൊഴിലിടങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകുന്നതിന്റെ ഭാഗമായി ദാഹജലം, പഴവർഗങ്ങൾ, ഐസ്ക്രീം, എനർജി ഡ്രിങ്കുകൾ, വിവിധ ഭക്ഷണ സാധനങ്ങൾ എന്നിവ വിതരണം ചെയ്തു. മെഡിക്കൽ പരിശോധന, ചികിത്സ, മരുന്ന് വിതരണം, മാനസിക ഉത്തേജനം നൽകുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടന്നു.കഴിഞ്ഞ 12 വർഷത്തിനിടെ ബഹ്റൈനിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 ലക്ഷത്തിലധികം തൊഴിലാളികൾക്ക് വിവിധ ഘട്ടങ്ങളിലായി സേവനം നൽകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ബി എം ബി എഫ് ഭാരവാഹികൾ പറഞ്ഞു. പദ്ധതിക്ക് തുടർച്ചയായ പിന്തുണ നൽകുന്ന ബഹ്റൈൻ ഭരണാധികാരികൾക്കും ബന്ധപ്പെട്ട അധികാരികൾക്കും സംഘടന നന്ദി അറിയിച്ചു.







