
മസ്കറ്റ് : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസും ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടറേറ്റ് ജനറൽ വിഭാഗവും സംയുക്തമായി ‘സേവ് എ ഹാർട്ട്’ ക്യാമ്പയിന് തുടക്കമിട്ടു. ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അറിവ് വർധിപ്പിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.വിവിധ ബീച്ചുകൾ, പാർക്കുകൾ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വിവിധ രാജ്യക്കാരുമായി ആരോഗ്യപ്രവർത്തകർ സംവദിച്ചു. തുടർന്ന് ഹൃദയാഘാത അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സി.പി.ആർ. നൽകുന്ന രീതിയെക്കുറിച്ചും മെഡിക്കൽ സംഘങ്ങൾ പ്രായോഗിക പരിശീലനം നൽകി. പൊതുജനങ്ങളുടെ പ്രതികരണം വിലയിരുത്തുന്നതിനൊപ്പം, ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ ശരിയായി പ്രതികരിക്കണമെന്ന് മെഡിക്കൽ സംഘം വിശദീകരിച്ചു.അടിയന്തര സാഹചര്യം തിരിച്ചറിയുക, ഉടൻ പ്രൊഫഷണൽ മെഡിക്കൽ സഹായം തേടുക, ആവശ്യമെങ്കിൽ സി.പി.ആർ. ആരംഭിക്കുക, വിദഗ്ധ സഹായം എത്തുന്നതുവരെ ആവശ്യമായ ഇടപെടൽ നടത്തുക തുടങ്ങിയ കാര്യങ്ങളിലാണ് ക്യാമ്പയനിലൂടെ പ്രധാനമായും ബോധവത്കരണം നൽകുന്നത്.
ആശുപത്രികളുടെ പരിധിക്കപ്പുറം സമൂഹത്തിലേക്ക് ആരോഗ്യബോധവത്കരണം എത്തിക്കുകയാണ് ‘സേവ് എ ഹാർട്ട്’ ക്യാമ്പയിന്റെ ലക്ഷ്യമെന്ന് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി. എ. മുഹമ്മദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പണയ്ക്കൽ, ഹൃദയ അടിയന്തര സാഹചര്യത്തിൽ രോഗി പ്രതികരിക്കാതിരിക്കുകയും സാധാരണ രീതിയിൽ ശ്വസിക്കാതിരിക്കുകയും ചെയ്താൽ അടിയന്തര സഹായം തേടുന്നതിനൊപ്പം സി.പി.ആറിനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നിർണായകമാണെന്നും വ്യക്തമാക്കി. ഒമാനിലെ വിവിധ സമൂഹങ്ങളിലേക്ക് ഹൃദയ അടിയന്തര സാഹചര്യങ്ങളിലെ അവബോധവും പ്രായോഗിക അറിവും എത്തിക്കുകയാണ് ‘സേവ് എ ഹാർട്ട്’ ക്യാമ്പയിന്റെ ലക്ഷ്യം.







