
ലോകത്തിന്റെ രുചിവൈവിധ്യങ്ങൾ ഒരൊറ്റ വേദിയിൽ; ഭക്ഷ്യോത്സവത്തിന് ആവേശകരമായ തുടക്കം;; സൂപ്പർ ഷെഫ് മത്സരവും ആകർഷകമായ ഓഫറുകളും
മസ്കറ്റ്: ആഗോള പാചകരീതികളെയും രുചിവൈവിധ്യങ്ങളെയും ഒരേ വേദിയിൽ അണിനിരത്തി ലുലു ഹൈപ്പർമാർക്കറ്റിന്റെ ‘വേൾഡ് ഫുഡ് 2026’ രണ്ടാം സീസണിന് തുടക്കമായി. ഒക്ടോബർ 21 മുതൽ നവംബർ 3 വരെ നീളുന്ന ഭക്ഷ്യോത്സവം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പാചക പാരമ്പര്യങ്ങളും ഭക്ഷ്യസംസ്കാരങ്ങളും പരിചയപ്പെടുത്തുന്ന വിപുലമായ ആഘോഷമാണ്.ഷെറാട്ടൺ ഒമാനിലെ പ്രമുഖ ഒമാനി ഷെഫ് മസൂമ അൽ ബലൂഷി, ലുലു ഉദ്യോഗസ്ഥരുടെയും മറ്റ് വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.ഭക്ഷണപ്രേമികൾക്കും പാചകവിദഗ്ധർക്കുമായി നിരവധി ആകർഷകമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വീട്ടിലെ പാചകവിദഗ്ധർക്കും പാചകപ്രേമികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആകർഷകമായ സമ്മാനങ്ങൾ നേടാനും അവസരമൊരുക്കുന്ന ‘സൂപ്പർ ഷെഫ്’ മത്സരമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. പരമ്പരാഗത പാചകരീതികളും ആധുനിക പാചകസങ്കേതങ്ങളും സമന്വയിപ്പിക്കുന്ന പ്രതിഭകളെ കണ്ടെത്തുകയാണ് മത്സരത്തിന്റെ ലക്ഷ്യം.തത്സമയ പാചകപ്രദർശനങ്ങൾ, വിവിധ വിഭവങ്ങൾ രുചിച്ചറിയാനുള്ള അവസരങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രദർശനങ്ങൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും ആഗോള ഭക്ഷ്യരംഗത്തെ നൂതന പ്രവണതകൾ മനസ്സിലാക്കാനും സന്ദർശകർക്ക് ഇതിലൂടെ സാധിക്കും.
ഭക്ഷ്യോത്സവത്തോടനുബന്ധിച്ച് 500-ലധികം ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ലഭ്യമാകും. അടുക്കള ഉപകരണങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ആകർഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ലുലു ഔട്ട്ലെറ്റുകളിൽ വാരാന്ത്യങ്ങളിൽ സംഗീതപരിപാടികൾ, വിനോദങ്ങൾ, ഗെയിമുകൾ തുടങ്ങിയവയും നടക്കും.പരിപാടിയെക്കുറിച്ച് സംസാരിച്ച ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു: വിവിധ പാചകസംസ്കാരങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ‘വേൾഡ് ഫുഡ് 2026’ സീസൺ 2 അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്ന ആഗോള വേദിയാണ് ഈ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാനും ലുലു ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.ഇതിനുപുറമെ, ഒക്ടോബർ 22 മുതൽ 26 വരെ ലുലുവിന്റെ എല്ലാ ശാഖകളിലും ‘ക്രേസി ഡീൽസ്’ പ്രത്യേക പ്രമോഷനും ഉണ്ടായിരിക്കും. ഫാഷൻ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗുകൾ, ശിശു ഉൽപ്പന്നങ്ങൾ, ലഗേജ് എന്നിവയ്ക്ക് 20 മുതൽ 50 ശതമാനം വരെ വിലക്കിഴിവും ലഭ്യമാണ്. ലുലുവിന്റെ ഹാപ്പിനെസ് അംഗങ്ങൾക്ക് പ്രമോഷൻ കാലയളവിൽ അധിക ആനുകൂല്യങ്ങളും ലഭിക്കും.ആഗോള രുചികളുടെ വൈവിധ്യവും ആകർഷകമായ ഷോപ്പിംഗ് ഓഫറുകളും ഒരുമിക്കുന്ന ‘വേൾഡ് ഫുഡ് 2026’ സീസൺ 2, ഭക്ഷണപ്രേമികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.







