
മസ്കത്ത്: എൻ.എച്ച്.പി ഇവന്റ്സ് സംഘടിപ്പിക്കുന്ന ‘ദ അൾട്ടിമേറ്റ് മ്യൂസിക് ഫിയസ്റ്റ സീസൺ 2’ നവംബർ ആറിന് നടക്കും,പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് സംഗീതപരിപാടിയുടെ സ്പോൺസറെയും കലാകാരന്മാരുടെ പൂർണനിരയെയും പ്രഖ്യാപിച്ചത്. നവംബർ ആറിന് മസ്കത്തിലെ ഖുറം സിറ്റി ആംഫി തിയേറ്ററിലാണ് സംഗീതവിരുന്ന് അരങ്ങേറുക. ആദ്യ സീസണിന്റെ വിജയത്തിന് പിന്നാലെ എത്തുന്ന രണ്ടാം പതിപ്പിൽ പ്രമുഖ ഗായകൻ കെ.എസ്. ഹരിശങ്കറും സംഘവുമാണ് മുഖ്യ ആകർഷണം. ഗായിക അമൃത രാജനും ഗായകനും ഡ്രമ്മറുമായ യുവപ്രതിഭ സാമുവൽ സ്റ്റീഫൻ ദേവസിയും പരിപാടിയിൽ പങ്കെടുക്കും. പ്രശസ്ത റേഡിയോ അവതാരകൻ ആർ.ജെ. മിഥുൻ പരിപാടിയുടെ അവതാരകനായിരിക്കും.
ആദ്യ സീസണിൽ ഗോപി സുന്ദർ എൻസെംബിൾ അവതരിപ്പിച്ച സംഗീതവിരുന്ന് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ കലാകാരന്മാരെ അണിനിരത്തി രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്. ഒമാനിലെ സംഗീതപ്രേമികൾക്ക് തത്സമയ സംഗീതത്തിന്റെ വേറിട്ട അനുഭവം സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. മസ്കറ്റിൽ വാർത്താസമ്മേളനത്തിൽ സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ മാർക്കറ്റിംഗ് മാനേജർ ഫാത്തിമ റിൻസി, എൻഎച്ച്പി ഇവന്റ്സിന്റെ മാനേജിംഗ് പാർട്ണർ ജോബി ഫിലിപ്പ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ റോബിൻ ഫിലിപ്പ്, സെയിൽസ് ആൻഡ് ഓപ്പറേഷൻസ് മാനേജർ സ്റ്റെഫി ജെയിംസ്, റിൻസി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.വലിയ സംഗീതപരിപാടികൾക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീപേൾസ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയും എൻ.എച്ച്.പി ഇവന്റ്സും കൈകോർക്കുന്നത്. നവംബർ ആറിന് നടക്കുന്ന സംഗീതവിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ടിക്കറ്റ് www.nhpoman.com.എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്യാം.








