കവർ ഫോട്ടോ: മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ കബീർ യൂസുഫ്; മസ്‌കത്തിലെ സാംസ്‌കാരിക മണ്ഡലത്തിലെ സജീവ സാന്നിധ്യം

മസ്‌കത്ത്: മാധ്യമപ്രവർത്തനം, സാഹിത്യം, സിനിമ, അഭിനയം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കബീർ യൂസുഫ് മസ്‌കത്തിന്റെ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. സിനിമയോടും അഭിനയത്തോടുമുള്ള താൽപര്യം മാധ്യമപ്രവർത്തനത്തിനൊപ്പം മുന്നോട്ടുകൊണ്ടുപോകുന്ന അദ്ദേഹം, കലാ സാംസ്‌കാരിക മേഖലകളിൽ സജീവമാണ്. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച പരേതനായ കരിയാടൻ യൂസുഫിന്റെയും മാടത്തുമ്മൽ സുഹറയുടെയും മകനായി ജനിച്ച കബീർ യൂസുഫ് കേരളത്തിലും ചെന്നൈയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് പഠനകാലത്തുതന്നെ മാധ്യമരംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം, 1991-ൽ കണ്ണൂർ ആകാശവാണി വോയ്സ് ആർട്ടിസ്റ്റിനായുള്ള പരീക്ഷ വിജയിച്ച് ബി ഗ്രേഡ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ പ്രാദേശിക ടെലിഫിലിം നിർമാണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

1996-ൽ ഏഷ്യാനെറ്റ് ടെലിവിഷന്റെ ആദ്യ ചെന്നൈ കറസ്‌പോണ്ടന്റായി തിരഞ്ഞെടുക്കപ്പെട്ടത് കബീർ യൂസുഫിന്റെ മാധ്യമ ജീവിതത്തിലെ നിർണായക വഴിത്തിരിവായി. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വാർത്താ വിഭാഗങ്ങളുമായും സിംഗപ്പൂരിലെ സംപ്രേഷണ കേന്ദ്രവുമായും ഏകോപനം നടത്തി പ്രവർത്തിച്ച അദ്ദേഹം ചെന്നൈ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ്ങിലൂടെ ശ്രദ്ധേയനായി. ചെന്നൈയിലെ എംഎംഎ ഹോസ്റ്റലിലെ സുഹൃത്തുക്കളിൽനിന്നു ലഭിച്ച പിന്തുണയും വിമർശനാത്മകമായ നിർദേശങ്ങളും ആദ്യകാല വളർച്ചയ്ക്ക് ഏറെ സഹായകമായതായി അദ്ദേഹം വിലയിരുത്തുന്നു. ഏഷ്യാനെറ്റിന്റെ ചെന്നൈ കറസ്‌പോണ്ടന്റായിരിക്കെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എം. കരുണാനിധി, ജെ. ജയലളിത, ജി.കെ. മൂപ്പനാർ, നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളെയും ചലച്ചിത്രരംഗത്തെ പ്രമുഖരായ ശിവാജി ഗണേശൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെയും അഭിമുഖം ചെയ്തത് മറക്കാനാവാത്ത അനുഭവങ്ങളായി അദ്ദേഹം വിലയിരുത്തുന്നു.പിന്നീട് ദുബായിലെ ഏഷ്യാനെറ്റ് റേഡിയോയിൽ ന്യൂസ് റിപ്പോർട്ടറായും ന്യൂസ് റീഡറായും പ്രവർത്തിച്ച അദ്ദേഹം ദിവസേനയുള്ള മൂന്ന് വാർത്താ ബുള്ളറ്റിനുകൾ അവതരിപ്പിക്കുകയും വിവിധ ഇൻഫോടെയ്ൻമെന്റ് പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

2000-ൽ യുഎഇയിലെ ആദ്യ പകൽസമയ ടെലിവിഷൻ ചാനലായ മിഡിൽ ഈസ്റ്റ് ടിവിയിൽ (MET) ന്യൂസ് പ്രൊഡ്യൂസർ, അവതാരകൻ, പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2008-ൽ ഒമാൻ സുൽത്താനേറ്റിന്റെ വിവരമന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക പത്രമായ ഒമാൻ ഒബ്സർവറിൽ ചേർന്നതോടെ അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനം രാജ്യാന്തര തലത്തിലേക്കും വ്യാപിക്കുകയായിരുന്നു.ദേശീയ വിഷയങ്ങൾക്കൊപ്പം ആഗോള സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്തുവരുന്ന അദ്ദേഹം, പത്രത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരിലൊരാളാണ്.ദോഹയിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനം, സിംഗപ്പൂർ എനർജി ഉച്ചകോടി, ഒമാനിലെ ശൂറാ തിരഞ്ഞെടുപ്പുകൾ, ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ, സെന്റ് പീറ്റേഴ്സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടി എന്നിവയുടെ റിപ്പോർട്ടിങ് അദ്ദേഹത്തിന്റെ ശ്രദ്ധേയ പ്രവർത്തനങ്ങളിൽപ്പെടുന്നു. തായ്‌വാൻ പ്രധാനമന്ത്രിയുമായുള്ള അഭിമുഖവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിന്റെ റിപ്പോർട്ടിങ്ങും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുടെ സന്ദർശനങ്ങളും അഭിമുഖങ്ങളും അദ്ദേഹം വാർത്തകളിലൂടെ പ്രേക്ഷകരിലേക്കും വായനക്കാരിലേക്കും എത്തിച്ചിട്ടുണ്ട്.

എഴുത്തിലും ശ്രദ്ധേയ സംഭാവന:

ഒമാന്റെ പരേതനായ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കി മൂന്ന് ഭാഷകളിലായി നാല് പുസ്തകങ്ങൾ രചിച്ചിട്ടുള്ള കബീർ യൂസുഫ് സാഹിത്യരംഗത്തും ശ്രദ്ധേയനാണ്.സുൽത്താൻ ഖാബൂസിനെ കുറിച്ച് മലയാളത്തിൽ എ ഫാർസൈറ്റഡ് സ്റ്റേറ്റ്സ്മാൻ എന്ന പുസ്തകം രണ്ട് പതിപ്പുകളായി പ്രസിദ്ധീകരിച്ചു. തമിഴിൽ തൊലൈനോക്കു ദീർഘദർശി, ഇംഗ്ലീഷിൽ HM – The Life and the Vision എന്നീ കൃതികളും അദ്ദേഹത്തിന്റേതാണ്.ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിക്കാലത്തെ സംഭവവികാസങ്ങളെ ഏകദേശം മൂന്ന് വർഷത്തെ കാലയളവിൽ ദിനംപ്രതി രേഖപ്പെടുത്തുന്ന കൊറോണ ക്രോണോളജിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി.ഒമാൻ വിവരമന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പിന്തുണയോടെ തയ്യാറാക്കിയ പുസ്തകം 2026 മെയ് മാസമാണ് ചെമ്പറിലെ ആദ്യത്തെ മലയാളി പ്രതിനിധി അബ്ദുൽ ലത്തീഫ് ഉപ്പളയുടെ നേതൃത്വത്തിൽ പ്രകാശിതമായത്.

സിനിമയിലും സംവിധാനത്തിലും സജീവം:

മാധ്യമപ്രവർത്തനത്തിനൊപ്പം ചലച്ചിത്രരംഗത്തും സജീവമായ കബീർ യൂസുഫ് നിരവധി ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും പരസ്യചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. ഒടിടി റിലീസിനായി ഒരു ഫീച്ചർ സിനിമയും എഴുതിസംവിധാനം ചെയ്തിട്ടുണ്ട്.ആഗോളതലത്തിൽ കുട്ടികൾ നേരിടുന്ന ദുരിതങ്ങളും പ്രതിസന്ധികളും പ്രമേയമാക്കിയ 65 മിനിറ്റ് ദൈർഘ്യമുള്ള ഇംഗ്ലീഷ് ചിത്രമായ ടു ബി ഓർ നോട്ട് ടു ബി തിരക്കഥയെഴുതി സംവിധാനം ചെയ്ത അദ്ദേഹത്തിന് ചിത്രത്തിലൂടെ ശ്രദ്ധേയമായ അംഗീകാരങ്ങളും ലഭിച്ചു. പലസ്തീൻ ജനതയുടെ ജീവിതവും സ്നേഹവും ദേശസ്നേഹവും പ്രമേയമാക്കിയ “റസാൻ നജ്ജാർ: ലൈഫ് ബിറ്റ്വീൻ ലവ് ആൻഡ് പാട്രിയോട്ടിസം” ആണ് അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം. അന്താര ബോസിനൊപ്പം ചിത്രത്തിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തു.

മാതാപിതാക്കൾ ഇലക്ട്രോണിക് ഉപകരണങ്ങളിൽ അമിതമായി സമയം ചെലവഴിക്കുന്നതുമൂലം കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടലും വൈകാരിക അകൽച്ചയും പ്രമേയമാക്കിയ “അവന്തികയുടെ വീട്” ഒമാനിൽനിന്നുള്ള ആദ്യ സമ്പൂർണ ദൈർഘ്യ ഒടിടി ചിത്രമെന്ന നിലയിലും ശ്രദ്ധേയമാണ്. സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ലഭ്യമാണ്. ഡോ. ഗീവർഗീസ് യോഹന്നാന്റെയും എംജിഎം എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെയും പിന്തുണ ചിത്രത്തിന്റെ നിർമാണത്തിന് സഹായകമായി.അടുത്ത കാലത്തായി, പ്രവാസ ഭൂമിയിൽ മാനസികാസ്വാസ്ഥ്യം നേരിടുന്ന വീട്ടമ്മയുടെ കഥപറഞ്ഞു യുവാക്കൾക്കിടയിലെ ഒരു വൻ വിപത്തിലേക്ക് വെളിച്ചം വീശിയ “പാറു”, ഗോനു പ്രളയസമയത്ത് നടന്ന കഥയിലൂടെ ഒമാനികളും മലയാളികളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥ പറഞ്ഞ “ദി ബലൂൺ സെല്ലർ” എന്നിവ മുക്തഖണ്ഡ പ്രശംസ പിടിച്ചു പറ്റിയ സിനിമകളാണ്. “മഴമേഘങ്ങൾ” ആണ് ഇനി ഇറങ്ങാനുള്ള സിനിമ.

നേട്ടങ്ങളും അംഗീകാരങ്ങളും:
മാധ്യമപ്രവർത്തനം, എഴുത്ത്, തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളിലെ സംഭാവനകൾക്ക് കബീർ യൂസുഫിന് ഒമാനിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നും രാജ്യാന്തര വേദികളിൽനിന്നും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ബഹ്‌റൈൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള വേദികളിലെ അംഗീകാരങ്ങൾ അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങൾക്ക് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നു. ടു ബി ഓർ നോട്ട് ടു ബി എന്ന ചിത്രത്തിന് ലഭിച്ച ബെസ്റ്റ് ഡയറക്ടർ പുരസ്‌കാരം ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന്റെയും ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ചെയർമാനും വേൾഡ് മലയാളി ഫോറത്തിന്റെ ഗ്ലോബൽ ചെയർമാനുമായ ഡോ. ജെ. രത്നകുമാറിന്റെയും സാന്നിധ്യത്തിൽ സ്വീകരിച്ചതും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെടുന്നു. വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ മസ്‌കത്തിന്റെ കലാ-സാംസ്‌കാരിക രംഗത്തിന് സംഭാവന നൽകുന്ന കബീർ യൂസുഫ്, മാധ്യമപ്രവർത്തനത്തെയും സർഗാത്മകതയെയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിത്വമാണ്.വാർത്താ വിനിമയ മന്ത്രാലയത്തിൽ മീഡിയ സെൻസറായി പ്രവർത്തിക്കുന്ന റിസ്‌വാന കബീറാണ് ഭാര്യ. റബാഹ് സായിദ്, റീഹത്ത് അൽ സഹ്റ, റാക്കിൻ സാക്കി എന്നിവർ മക്കളാണ്.

കവർ ഫോട്ടോ:കബീർ യൂസുഫ്
ഫോട്ടോഗ്രാഫി:ഷൈജു മേടയിൽ

ഗൾഫ് പത്രം : ഒമാൻ

#magazinecover #covershoot #featuredonthecover #magazinefeature #coverstar #photoshoot #editorialphotography #magazinestyle #modellife #specialmoment #photography #instastyle #newachievement #coverstory #fationtrendsstyle #gulfpathamweekly #familyfeatures #weeklyhighlights