ദുബായ്–ഷാർജ യാത്രാദുരിതത്തിന് പരിഹാരം; അൽ ഇത്തിഹാദ് റോഡിൽ എട്ട് പുതിയ പാലങ്ങൾ

ദുബായ്: ദുബായ്–ഷാർജ യാത്രക്കാർ നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കാൻ അൽ ഇത്തിഹാദ് റോഡിൽ വൻ വികസന പദ്ധതി. അൽ നഹ്ദ ജംഗ്ഷനിൽ എട്ട് പുതിയ പാലങ്ങൾ ഉൾപ്പെടുന്ന നവീകരണ പദ്ധതിയുടെ ആദ്യഘട്ടത്തിനായി യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.

ആകെ നാല് കിലോമീറ്റർ നീളത്തിൽ എട്ട് പാലങ്ങളും 4.5 കിലോമീറ്റർ സർവീസ് റോഡുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. ഇതോടെ റോഡിലെ ഗതാഗതശേഷി ഗണ്യമായി വർധിപ്പിക്കാനും യാത്രാസമയം കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഇത്തിഹാദ് റോഡിന്റെ പ്രതിദിന ഗതാഗതശേഷി ഒരു ലക്ഷം വാഹനങ്ങളിൽ നിന്ന് 1.9 ലക്ഷമായി ഉയരും. 90 ശതമാനത്തിന്റെ വർധനവാണിത്. അൽ നഹ്ദ ജംഗ്ഷന്റെ ശേഷി പ്രതിദിനം 1.88 ലക്ഷം വാഹനങ്ങളിൽ നിന്ന് 3.10 ലക്ഷമായി ഉയർത്താനും ലക്ഷ്യമിടുന്നു. ഏകദേശം 65 ശതമാനമാണ് വർധനവ്.

പ്രധാന ഗതാഗത പാതകളിലെ യാത്രാസമയം നിലവിലുള്ള 15 മിനിറ്റിൽ നിന്ന് മൂന്ന് മിനിറ്റായി കുറയുമെന്നും മന്ത്രാലയം അറിയിച്ചു.

ദുബായ്–ഷാർജ യാത്രക്കാർക്ക് ആശ്വാസം

ദിവസേന നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ദുബായ്–ഷാർജ പ്രധാന ഗതാഗത ഇടനാഴിയിലെ തിരക്ക് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗതാഗതപ്രവാഹം മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ ഉറപ്പാക്കുക, ജംഗ്ഷനുകളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

2026 ജൂലൈയിൽ അൽ ഇത്തിഹാദ് റോഡ് (E11), അൽ നഹ്ദ ജംഗ്ഷൻ എന്നിവയുടെ വികസനത്തിനായി പരിചയസമ്പന്നരായ കരാറുകാരിൽ നിന്ന് മന്ത്രാലയം താൽപര്യപത്രം ക്ഷണിച്ചിരുന്നു.

ജനുവരി 5 വരെ ടെൻഡർ സമർപ്പിക്കാം

2026 നവംബർ 19-നാണ് പദ്ധതിയുടെ ടെൻഡർ പുറത്തിറക്കിയത്. കാറ്റഗറി ഫസ്റ്റ് എ വിഭാഗത്തിൽപ്പെട്ട കരാറുകാർക്ക് ടെൻഡറിൽ പങ്കെടുക്കാം. 2027 ജനുവരി 5 ആണ് ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

തിരക്കേറിയ മേഖലകളിൽ ഹൈവേ വികസന പദ്ധതികൾ നടപ്പാക്കിയ മുൻപരിചയമുള്ള കരാറുകാർക്കാണ് പങ്കെടുക്കാൻ അവസരം.