അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആശുപത്രികൾക്ക് കർശന മാനദണ്ഡങ്ങളുമായി ബഹ്റൈൻ

മനാമ : അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ ബഹ്റൈനിലെ ആശുപത്രികൾക്ക് കർശനമായ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം. വിദഗ്ധ ഡോക്ടർമാർ, അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങൾ, പ്രത്യേക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ നിർബന്ധമാക്കി 2026ലെ 26-ാം നമ്പർ ഉത്തരവ് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസൻ പുറത്തിറക്കി.
വൃക്ക, ഹൃദയം, കരൾ, ശ്വാസകോശം, അസ്ഥിമജ്ജ, കോർണിയ തുടങ്ങിയവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കാണ് പുതിയ ചട്ടങ്ങൾ ബാധകം.ഓരോ അവയവമാറ്റ കേന്ദ്രത്തിലും പ്രത്യേക വായു ശുദ്ധീകരണ സംവിധാനമുള്ള കുറഞ്ഞത് രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, രണ്ട് റിക്കവറി മുറികൾ, രണ്ട് ഐസൊലേഷൻ മുറികൾ, രണ്ട് പോസിറ്റീവ് പ്രഷർ മുറികൾ എന്നിവ ഉണ്ടായിരിക്കണം. ECMO ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങളുള്ള ഐസിയു, ഡയാലിസിസ്, രക്തചികിത്സ, ശ്വസന ചികിത്സ, ഫിസിയോതെറാപ്പി തുടങ്ങിയ സൗകര്യങ്ങളും നിർബന്ധമാണ്.അവയവങ്ങളുടെ പൊരുത്തം പരിശോധിക്കാനും മരുന്നുകളുടെ അളവ് നിരീക്ഷിക്കാനും ആവശ്യമായ ലബോറട്ടറി സംവിധാനങ്ങൾക്കൊപ്പം അൾട്രാസൗണ്ട്, എക്സ്-റേ, സിടി, എംആർഐ, ന്യൂക്ലിയർ മെഡിസിൻ പരിശോധനാ സൗകര്യങ്ങളും വേണം.ഓരോ അവയവമാറ്റത്തിനും അതത് മേഖലയിലെ വിദഗ്ധ ഡോക്ടർമാരും പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ധരും നിർബന്ധമാണ്. കോർണിയ മാറ്റിവയ്ക്കുന്ന കേന്ദ്രങ്ങൾക്ക് ഐ ബാങ്ക് സൗകര്യവും അസ്ഥിമജ്ജ മാറ്റിവയ്ക്കുന്ന കേന്ദ്രങ്ങൾക്ക് സ്റ്റെം സെല്ലുകൾ അതിശൈത്യത്തിൽ സൂക്ഷിക്കാനുള്ള സംവിധാനവും വേണം.ശസ്ത്രക്രിയയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് NHRA ലൈസൻസും അംഗീകൃത അവയവമാറ്റ കേന്ദ്രങ്ങളിലെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കൂടാതെ വർഷംതോറും കുറഞ്ഞത് 30 മണിക്കൂർ പ്രത്യേക പരിശീലനം പൂർത്തിയാക്കണം. ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർമാർക്ക് നഴ്സിങ് ബിരുദവും മറ്റു ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നിർബന്ധമാക്കിയിട്ടുണ്ട്.ദാതാക്കളുടെയും രോഗികളുടെയും പരിശോധന, രക്തഗ്രൂപ്പ് പൊരുത്തപ്പെടുത്തൽ, സമ്മതപത്രം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണം എന്നിവയ്ക്കും വ്യക്തമായ നടപടിക്രമങ്ങൾ വേണം. രോഗികളുടെ രേഖകൾ സൂക്ഷിക്കുകയും ചികിത്സയ്ക്കിടയിലെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം.പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് NHRA പരിശോധിക്കും. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ള ആശുപത്രികളുടെ പട്ടിക തയ്യാറാക്കി ഓരോ ആശുപത്രിക്കും അനുവദിച്ചിട്ടുള്ള ശസ്ത്രക്രിയകൾ പ്രത്യേകം രേഖപ്പെടുത്തി ആരോഗ്യ മന്ത്രിയുടെ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്യും.