പാത്രിയര്‍ക്കിസ് ബാവാ ചൊവ്വാഴ്ച ഒമാനിലെത്തും

മസ്‌കത്ത്∙ ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷനായ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയർക്കീസ് ബാവാ ശ്ലൈഹിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച വൈകിട്ടു നാലിന് ഒമാനിലെത്തും. വൈകിട്ട് ഏഴിന് ഒമാനിലെയും യുഎഇയിലെയും രാജ കുടുംബാംഗങ്ങളുമായും പൗരപ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.ബുധനാഴ്ച വൈകിട്ട് നാലിന് റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പാത്രിയര്‍ക്കിസ് ബാവക്കും ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്കും മെത്രാപ്പോലീത്താമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കും.വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഗാലയില്‍ പുതുതായി പണികഴിപ്പിച്ച മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ പരിശുദ്ധ പാത്രിയര്‍കീസ് ബാവ നിര്‍വഹിക്കും.