തെറ്റായ വിവരങ്ങൾ നൽകി റീച് കൂട്ടാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത പ്രതികരിച്ചിരിക്കുന്നത്. ‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്.ഗീതു നായർ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘‘ശരി, ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’’–മംമ്ത കമന്റ് ചെയ്തു.
ഇതോടെ നടിയുടെ കമന്റിനെ പിന്തുണച്ച് നിരവധി ആളുകൾ എത്തിയതോടെ വാർത്ത നീക്കം ചെയ്ത് പേജ് താൽക്കാലികമായി ഡി ആക്ടിവേറ്റ് ചെയ്തു.