നാട്ടിലെ പഴയ വാഹനം പൊളിക്കാൻ കൊടുക്കുകയാണോ; ഇക്കാര്യം മറക്കണ്ട

കൊച്ചി: കാലപഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ നൽകുന്നതിനുള്ള നിയമപ്രകാരമുള്ള സംവിധാനമാണ് രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി (ആർ. വി. എസ് എഫ് ). ചേർത്തല, എടപ്പാൾ, അഴിക്കൽ (കണ്ണൂർ) എന്നിവിടങ്ങളിലാണ് ആർ.വി.എസ്. എഫിന് അംഗീകാരമായിട്ടുള്ളത്. ഇത്തരം പൊളിക്കൽ കേന്ദ്രങ്ങളിൽ വാഹനം കൈമാറിയാൽ ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (സി. ഒ. ഡി.) ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ നികുതിയിളവ് ലഭിച്ചതായി ഉറപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഓർമിപ്പിച്ചു. വാഹനത്തിന്മേൽ നിലവിലുള്ള ബാധ്യതകൾ തീർത്ത ശേഷം ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർ ടി ഓഫീസുകൾ വഴി പൊളിക്കാൻ നൽകിയ വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്നതുമാണ്.സ്വന്തം വാഹനം വാങ്ങുന്നില്ലെങ്കിൽ ഉടമ ആഗ്രഹിക്കുന്ന വിലക്ക് പ്രത്യേക വെബ് സൈറ്റുകൾ വഴി ഇത് വിൽക്കാനും കഴിയും. സി.ഒ.ഡി ഉപയോഗിച്ച് വാങ്ങുന്ന അതേ ഇനം (ഉദാ: കാറിന് പകരം പുതിയ കാർ) പുതിയ വാഹനത്തിന് കേരളത്തിൽ ലഭിക്കുന്ന ഇളവുകൾ ഇനി പറയാം.

  1. രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ല.
  2. പ്രൈവറ്റ് വാഹനങ്ങൾക്ക് ലൈഫ് ടാക്സിന്റെ 15% ഇളവ് (15 വർഷത്തേക്ക് )
  3. ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 10% ടാക്സ് ഇളവ് (5 വർഷത്തേക്ക്).
    ഓർക്കുക.. CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിച്ചാലേ CoD യുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. സിഒഡി ക്ക് പകരമായുള്ള നികുതിയിളവ് നിങ്ങൾക്ക് ലഭിച്ചു എന്ന് ഉറപ്പുവരുത്തുക. ഇതിനായി റോഡ് നികുതിയായി ഷോറൂമിൽ അടച്ച തുകതന്നെയാണ് നിങ്ങളിൽനിന്ന് ഈടാക്കിയത് എന്നറിയാൻ നികുതി രസീത് ചോദിച്ച് വാങ്ങണമെന്നും എം.വി.ഡി ഓർമിപ്പിച്ചു.