ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികളുടെ വിസ റദ്ദാക്കും,മുന്നറിയിപ്പ് നല്‍കി ബ്രിട്ടൻ

ലണ്ടന്‍:ഇസ്രയേലിനോടുള്ള വിരോധം പ്രകടമാക്കുകയോ പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടിഎടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദ്യാര്‍ത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരുടെ വിസ റദ്ദാക്കി നാടുകടത്താനാണ് ഹോം ഓഫീസിന്റെ നീക്കം. ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരുടെ വിസ അസാധുവാക്കാനുള്ള വഴികള്‍ അന്വേഷിക്കാന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബേര്‍ട്ട് ജെന്റിക്ക് ഹോം ഓഫീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള വിസ റദ്ദാക്കാന്‍ യുകെ നിയമം അനുവദിക്കുന്നുണ്ട്.