അടുക്കള ജോലികളെ തുടർന്നുണ്ടായ തർക്കം, ഇന്ത്യൻ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ

കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അബ്ദുല്ല അൽ മുബാറക് ഏരിയയിലെ തന്റെ വസതിയിൽ നടന്ന കൊലപാതകത്തെക്കുറിച്ച് ഒരു കുവൈറ്റി പൗരനാണ് അധികൃതരെ വിവരം അറിയിച്ചത്. വിശുദ്ധ റമദാൻ മാസത്തിൽ എത്യോപ്യൻ യുവതി തന്റെ ഇന്ത്യൻ സഹപ്രവർത്തകനെ  കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് അദ്ദേഹം അധികൃതരെ അറിയിച്ചു . വിവരമറിഞ്ഞ് അന്വേഷണ സംഘങ്ങളും ഫോറൻസിക് വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.