സൗദിയിൽ അനധികൃത താമസം ; ഒരാഴ്ചയ്ക്കിടെ 20,667 പ്രവാസികൾ പിടിയിൽ

ദമാം : സൗദിയിൽ നിയമ വിരുദ്ധമായി കഴിഞ്ഞ നിരവധി പേരെ പിടികൂടിയതായി അധികൃതർ വ്യക്തമാക്കി . ഇതോടെ താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികൾ സൗദി അറേബ്യയിൽ അറസ്റ്റിലായി. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,805 പേരും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,860 പേരും തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾക്ക് 2,002 ആളുകളെയുമാണ് പോലീസ് പിടികൂടിയത് . അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 959 പേരിൽ 53 ശതമാനം പേരും എത്യോപ്യക്കാരാണ്. ഇവരിൽ 44 ശതമാനം പേർ യെമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . ഒരാഴ്ചക്കിടയിൽ നിയമവിരുദ്ധമായി സൗദി അറേബ്യയുടെ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 58 പേരെയും പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ കസ്റ്റഡിയിലെടുത്തു. ഇത്തരം പ്രവൃത്തികൾക്കെതിരെ നേരത്തെ തന്നെ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരത്തിൽ പിടികൂടുന്നവർക്കു കടുത്ത ശിക്ഷയാണ് അധികൃതർ നൽകുന്നത് .