കൊച്ചി:ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായിരുന്നു അദ്ദേഹം .
നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.150ൽ അധികം സിനിമകളിൽ ഹനീഫ് അഭിനയിച്ചിട്ടുണ്ട്. 1990ൽ ‘ചെപ്പു കിലുക്കണ ചങ്ങാതി’യാണ് ആദ്യ സിനിമ. ‘ഈ പറക്കുംതളിക’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘തുറുപ്പു ഗുലാൻ’, ‘പാണ്ടിപ്പട’, ‘ദൃശ്യം’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. അറുപതോളം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു.








