കൊച്ചി: പിവിആർ തർക്കത്തിന് പരിഹാരമായി.ചർച്ചകൾക്കൊടുവിൽ ആണ് തീരുമാനമായത് . ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്. ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായതായി ഫെഫ്ക വ്യക്തമാക്കി . കൊച്ചി ഫോറം മാൾ, കോഴിക്കോട് പിവി ആർ തിയേറ്ററുകളിൽ തീരുമാനം പിന്നീടുണ്ടാകും.ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11ന് റിലീസ് ചെയ്ത മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയിരുന്നത് .നിർമ്മാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന മുൻ ആവിശ്യം ഉന്നയിച്ചിരുന്നു . പിവിആർ അടക്കമുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരെയാണ്. ഫോറം മാളിൽ പിവിആർ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉണ്ടായത് .