ഖത്തർ എക്സ്പോ 2023; സ്റ്റോപ് ഓവർ പാക്കേജുമായ ഖത്തർ എയർവേയ്സ്

ഖത്തർ : ഒക്ടോബർ രണ്ടിന് ദോഹയിൽ ആരംഭിക്കുന്ന ഹോർട്ടീകൾച്ചറൽ എക്സ്പോ 2023ലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് സ്റ്റോപ് ഓവർ പാക്കേജ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. എക്സ്പോയുടെ ഔദ്യോഗിക സ്ട്രാറ്റജിക് പാർട്ണറാണ് എയർവേയ്സ്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഹോർട്ടികൾചറൽ എക്‌സ്‌പോയിലെ കാഴ്ച കാണാൻ ട്രാൻസിറ്റ് യാത്രക്കാർക്കും അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് സ്‌റ്റോപ്പ് ഓവർ പാക്കേജുകൾ പ്രഖ്യാപിച്ചത്.

എക്സ്പോയുടെ ലോഗോയുമായി അടുത്തമാസം മുതൽ ഖത്തർ എയർവേയ്സ് പറക്കും. ഡിസ്‌കവർ ഖത്തർ മുഖേന ബുക്ക് ചെയ്യുന്ന രാജ്യാന്തര യാത്രക്കാർക്ക് എല്ലാ സ്റ്റോപ്പ് ഓവർ പാക്കേജുകളിലും എക്‌സ്‌പോ കാണാനുള്ള കോംപ്ലിമെന്ററി എൻട്രി വൗച്ചർ ലഭിക്കും. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഖത്തറിൽ സാംസ്കാരികവും പാരിസ്ഥിതികവും നൂതനവുമായ അനുഭവങ്ങളുടെ ഒരു നിരയാണ് വരാനിരിക്കുന്ന മാസങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ഖത്തറിലേക്ക് അന്താരാഷ്‌ട്ര അതിഥികളെ സ്വാഗതം ചെയ്യാനും അവർക്ക് സിഗ്നേച്ചർ ഹോസ്പിറ്റാലിറ്റി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ ലോകകപ്പിന്റെ വിജയകരമായ സംഘാടനത്തിന് ശേഷം ഖത്തര്‍ വേദിയാകുന്ന ആദ്യ അന്താരാഷ്ട ഈവന്റ് ആണ് ദോഹ എക്‌സപോ 2023. എക്‌സപോ വേദിയുടെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഖത്തറില്‍ പുരോഗമിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ് എക്‌സ്‌പോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അടുത്ത മാസം പകുതിയോടെ വേദിയിലെ കാഴ്ചകള്‍ കാണാന്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം സന്ദർശകരെയാണ് എക്സ്പോയിൽ പ്രതീക്ഷിക്കുന്നത്. കൃഷിയും ഹരിതവത്കരണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം അടിസ്ഥാനമാവുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്‌സ്‌പോയ്ക്ക് ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം വേദിയൊരുക്കുന്നത്.

എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിന്ന് മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരൂഭൂമി, മികച്ചപരിസ്ഥിതി എന്ന പ്രമേയത്തില്‍ നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ക്ക് പുറമെ വിനോദ വിജ്ഞാന പരിപാടികളും അരങ്ങേറും. ലോകത്തിന്റെ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്‌സ്‌പോ സെന്റര്‍. അറേബ്യന്‍ രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്‍ ,തായ്, ടര്‍ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില്‍ അണിനിരക്കും.

പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. എക്‌സ്‌പോ നഗരിയിലേക്ക് അടുത്ത മാസം മുതല്‍ പ്രത്യേക ബസ് സര്‍വീസും ആരംഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ ബാധിക്കുന്ന വികസിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കാനുള്ള അവസരമാണ് എക്സ്പോ 2023 എന്ന് സംഘടകര്‍ അറിയിച്ചു .