ഖത്തറിൽ ചെമ്മരിയാടുകളുടെ സബ്‌സിഡി വില്‍പന തുടങ്ങി

ദോഹ : റമസാന്‍ പ്രമാണിച്ച് സബ്‌സിഡി ഇനത്തില്‍ പൗരന്മാര്‍ക്കുള്ള ചെമ്മരിയാടുകളുടെ വില്‍പ്പനക്ക് ഇന്ന് തുടക്കമാകും. വാണിജ്യ വ്യവസായ മന്ത്രാലയമാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയം, പ്രാദേശിക ഭക്ഷ്യ കമ്പനിയായ വിധാം ഫുഡ് എന്നിവയുടെ സഹകരണത്തില്‍ ആണിത്. റമസാന്‍ വിപണി വില നിയന്ത്രണം, പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കല്‍, പൗരന്മാര്‍ക്ക് മിതമായ നിരക്കില്‍ ചെമ്മരിയാടുകളുടെ വില്‍പന എന്നിവ ലക്ഷ്യമിട്ട് ദേശീയ സംരഭത്തിനാണ് തുടക്കമിട്ടത്. വിശുദ്ധ റമസാന്‍ അവസാനിക്കുന്നത് വരെ വില്‍പ്പന തുടരും. വിധാമിന്റെ അല്‍വക്ര, അല്‍ ഷമാല്‍, അല്‍ഖോര്‍, അല്‍ മസ്രുഅ, അല്‍ ഷഹാനിയ എന്നിവിടങ്ങളിലെ അറവുശാലകളിലാണ് വിതരണം. 30-35 കിലോ തൂക്കമുള്ള പ്രാദേശിക ചെമ്മരിയാടിന് 1,000 റിയാലാണ് സബ്‌സിഡി വില. 35-40 കിലോ തൂക്കമുള്ള സിറിയന്‍ ആടുകള്‍ക്ക് 950 റിയാലും വില വരും. എല്ലാ അറവുശാലകളിലും ഇറച്ചി വില്‍പ്പന ചന്തകളിലും മന്ത്രാലയം കര്‍ശന പരിശോധനയും നടത്തും. സ്വദേശികള്‍ അല്ലാത്തവര്‍ക്ക് വിലയില്‍ ഇളവുകളില്ല.