രാജ്യസുരക്ഷാ ഭീഷണി: 69 പേരുടെ പൗരത്വം റദ്ദാക്കി; നടപടി ശക്തമാക്കി ബഹ്റൈൻ

ബഹ്‌റൈൻ : രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയ 69 പേരുടെ പൗരത്വം ബഹ്റൈൻ സർക്കാർ റദ്ദാക്കി. ഇറാന്റെ ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെടുകയും ചെയ്തവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. പൗരത്വം റദ്ദാക്കിയവരിൽ ബന്ധപ്പെട്ട വ്യക്തികളുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നുവെന്നും, ഇവർ എല്ലാവരും വിദേശ വംശജരാണെന്നും വ്യക്തമാക്കി.രാജ്യത്തെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കും വിശ്വാസവഞ്ചന നടത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് നടപടി ശക്തമാക്കിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ അന്തിമ തീരുമാനം എടുത്തത്.രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും വിശ്വസ്തത പാലിക്കാത്തവർക്കുമെതിരെ പൗരത്വ നിയമത്തിലെ സെക്ഷൻ 10/3 പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൗരത്വത്തിന് അർഹതയുള്ളവരെ കണ്ടെത്തുന്നതിനായി നിലവിൽ പ്രത്യേക പരിശോധനകൾ പുരോഗമിക്കുന്നതായും, വരും ദിവസങ്ങളിലും കൂടുതൽ നടപടികൾ ഉണ്ടായേക്കാമെന്നും അധികൃതർ സൂചിപ്പിച്ചു.