വാഗമൺ പുള്ളിക്കാനം തേയില തടാകം കണ്ട് രാപ്പാർക്കാം:ട്രാവൽ വ്ലോഗ് – സുനിൽ തോമസ് റാന്നി

Report By : Sunil Thomas Ranni

ഇടുക്കി : വിവാഹ വാർഷികം പ്രമാണിച്ച് വീണ്ടുമൊരു ഹൈറേഞ്ച് യാത്ര പ്ലാൻ ചെയ്തപ്പോൾ ഇത്തവണ മൂന്നാർ കൂടി കണ്ട് വാഗമണ്ണ് സ്റ്റേ ചെയ്തു പോകാമെന്ന് കരുതി ഒരാഴ്ചത്തെ പെട്ടിയും കെട്ടി പറുക്കി രാവിലെ വണ്ടിയെടുത്ത് നേരെ കുട്ടിക്കാനം വഴി വാഗമൺ കണ്ട് തുടങ്ങാം എന്ന് കരുതി യാത്ര ആരംഭിച്ചു.
ബഹറിൻ പ്രവാസി ആയ ആത്മസുഹൃത്ത് ജോജി ആരംഭിച്ച സംരംഭം തേയിലത്തോട്ടത്തിനും തടാകക്കരക്കും ഇടയിൽ തുടങ്ങിയ വിസ്തൃതമായ വിനോദസഞ്ചാര സങ്കേതം കാണാം കഴിക്കാം കിടക്കാം അങ്ങനെ നിരവധി പ്ലാനുകൾ മനസ്സിൽ വരച്ചിട്ട് യാത്ര തുടങ്ങി.
അവധിക്ക് നാട്ടിലെത്തിയപ്പോൾ പ്രവാസി സ്നേഹിതൻ ജസ്റ്റിൻ ചാരംകുഴി വാങ്ങിയ കാർ സ്വന്തമായി ഉപയോഗിക്കുന്നതിനു മുമ്പ് മടികൂടാതെ തന്ന വാഗണാറിലാണ് വാഗമൺ പുള്ളിക്കാനം കാണാൻ ഇറങ്ങിത്തിരിച്ചത്.വാഗമൺ ഇന്നും വരാൻ കൊതിക്കുന്ന ഒരിടമാണ് പലതവണ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും വാഗമൺ മുഴുവനായി കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല. വാഗമൺ പുള്ളിക്കാനം റൂട്ട് അതിലേറെ മനോഹരിയാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇപ്പോഴാണ് അവസരം ഒത്തുവന്നത്. പച്ചപ്പട്ടണിഞ്ഞ വീശിയടിക്കുന്ന കോടമഞ്ഞിൻ തണുപ്പ് അരിച്ചുകയറുന്ന പ്രകൃതിയുടെ സുഖ ശീതളമായ കാലാവസ്ഥയിൽ മഴയും മഞ്ഞു കൂടെ കൂട്ടിന് ചേരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അന്തരീക്ഷം എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കാഴ്ചകളുടെ പൊടിപൂരം. വാഗമൺ പുള്ളിക്കാനം റോഡ് ആദ്യമായാണ് യാത്രയിൽ ഇത്തവണ ഉൾപ്പെടുത്തിയത്. പലതവണ വാഗമൺ വന്നെങ്കിലും ഇത്തവണ തെരഞ്ഞെടുത്തത് ഒരു രാത്രി തേയില തോട്ടത്തിൽ തടാകക്കരയോട് ചേർന്ന് രാത്രി തങ്ങി അടുത്ത ദിവസം മൂന്നാർ പിടിക്കാം എന്ന ഉദ്ദേശത്തോടുകൂടിയാണ് വന്നത്.റാന്നിയിൽ നിന്നും വരുന്ന വഴി കുട്ടിക്കാനം കഴിഞ്ഞ് മഴ തുടങ്ങി വാഗമൺ ജംഗ്ഷനിൽ എത്തുമ്പോൾ ഏകദേശം വൈകിട്ട് അഞ്ചു മണി സമയം അടുക്കാറായി. വാഹനം ഒന്ന് വശത്ത് ഒതുക്കി ഒരല്പം തേയിലയും കാപ്പിയും വാങ്ങിക്കാം എന്ന് കരുതി വാഗമൺ ടൗണിൽ ഇറങ്ങിയതാണ്.
കോടമഞ്ഞിറങ്ങിയാൽ പിന്നെ ഒരടി മുന്നോട്ടു പോകാൻ പറ്റാത്ത വിധം റോഡുകൾ മൂടപ്പെട്ട കിടക്കുന്നത് ആദ്യത്തെ അനുഭവം ഈ വഴിക്ക് പലതവണ വന്നിട്ടുണ്ടെങ്കിലും വണ്ടിയുടെ ലൈറ്റ് എങ്കിലും റോഡ് കാണാൻ സഹായത്തിന് എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായി പോയി.കോടമഞ്ഞിറങ്ങി ഒരല്പം മാറിയിട്ട് പോകാം എന്ന് കരുതി കാത്തിരുന്നിട്ട് സമീപത്തുള്ളവർ പറഞ്ഞു ഇനിയും ഈ കോട മാറിയിട്ട് പോകാനായിരുന്നാൽ സാധ്യത കുറവാണ് എന്ന നാട്ടുകാരുടെ അഭിപ്രായം കണക്കിലെടുത്ത് ഒരു വിധത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പുള്ളിക്കാനം റൂട്ടിൽ സാവകാശം ഓടിക്കാൻ മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാൽ ഒരല്പം വൈമനസ്സത്തോടെയാണെങ്കിലും വണ്ടി മുന്നോട്ട് എടുത്തു. റോഡിന് ഇരു വശവും ഉള്ള കാഴ്ചകൾ എങ്ങോട്ട് നോക്കണം എന്നറിയാതെ ഒരെത്തും പിടിയും കിട്ടാതെ കോട മൂടി കിടക്കുന്ന റോഡിൽ ഒരു വിധം മുന്നോട്ടു പോകുമ്പോൾ മൂടൽ മാറി ഒരല്പനേരം എന്നത് കുറെയേറെ നേരം അസാധ്യമായ കാഴ്ചകൾ കാണാമായിരുന്നു എന്ന പരിഭവം ഉള്ളിൽ ഒതുക്കി.വണ്ടി ഒരു തടാകത്തിന് അടുത്തായി എത്തിയപ്പോൾ തേയില തോട്ടത്തിന് നടുവിൽ കണ്ട ഒരു മനോഹരമായ സങ്കേതം കണ്ട ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ ഏറെ കുളിരും സന്തോഷവും നൽകി.ഒരല്പ നേരം തടാക കരയിൽ വണ്ടി നിർത്തി ചുറ്റോടു ചുറ്റും കണ്ണോടിച്ച് നോക്കത്താ ദൂരത്തോളം കിടക്കുന്ന തേയിലത്തോട്ടത്തിന്റെ പച്ചപരവതാനി വിരിച്ച മനോഹാരിത സന്ധ്യ മയങ്ങുന്നതിനു മുമ്പുള്ള അസ്തമയ കാഴ്ച മൂടൽമഞ്ഞിന്റെ അകമ്പടിയിൽ ഒരുവിധം കാണാൻ സാധിച്ചു.
വണ്ടി നേരെ ഇന്ന് തങ്ങുന്ന സങ്കേതത്തിലേക്ക് പുതിയതായി ടാർ ചെയ്ത മുകളിലേക്ക് കുത്തനെയുള്ള റോഡിൽ പാർക്കിങ്ങിനായി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്തോറും ഏറിവരുന്ന തണുപ്പ് ഞങ്ങളെ ഹൈറേഞ്ചിന്റെ റേഞ്ച് വ്യക്തമാക്കി തന്നു. നീന്തിത്തുടിക്കാൻ തുറസ്സായ സ്ഥലത്തെ നീന്തൽ കുളത്തിനടുത്ത് പാർക്കിംഗ് സ്ഥലത്തെത്തി പാർക്ക് ചെയ്തു.തേയില കാപ്പി തോട്ടങ്ങളുടെ നടുവിൽ ഗ്രാമീണ ചാരുത തുളുമ്പി നിൽക്കുന്ന തറവാടുകൾ തനി നാടൻ തനിമയിൽ പുന ക്രമീകരിച്ചിരിക്കുന്നത് ഒരു വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. വന്നുകയറിയ പാടെ ആവി പറക്കുന്ന വാഗമൺ തേയിലയിട്ട് കടുപ്പത്തിൽ ഒരു ചായ കുടിച്ചപ്പോഴാണ് തണുപ്പിന് ഒരാശ്വാസം കിട്ടിയത്.മഴ അപ്പോഴും ഞങ്ങളുടെ കൂട്ടിന് യാത്ര യിലും വൈകിട്ട് താങ്ങാൻ എത്തിച്ചേർന്ന ഇടത്തും സാമാന്യം കനത്ത രീതിയിൽ ചെയ്തുകൊണ്ടേയിരുന്നു. സന്ധ്യ മയങ്ങുന്ന സമയത്ത് ദീർഘദൂരം റാന്നിയിൽ നിന്ന് ഓടിയെത്തിയ ക്ഷീണത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് വിറച്ചു നിൽക്കുന്ന തണുപ്പിലും മടിച്ചാണെങ്കിലും ഒരു കാക്ക കുളി പാസാക്കി .പ്രിയ സ്നേഹിതൻ സങ്കേതത്തിന്റെ സാരഥി ജോജിയെ കണ്ട മാത്രയിൽ വിശേഷങ്ങൾ ഓരോന്നായി പുറത്തെടുത്തു. കപ്പലണ്ടി വറക്കുന്ന ലാഘവത്തിൽ നാട്ടുകാര്യവും വീട്ടുകാര്യവും എന്നുവേണ്ട ബഹ്റൈൻ പ്രവാസ കാര്യവും ഒന്നിനു പുറകെ ഒന്നായി അലക്കി.
വൈകിട്ടത്തെ അത്താഴത്തിന് മുൻകൂട്ടി തയ്യാർ ചെയ്ത വാഗമൺ തനിമ നില നിർത്തി പൊരിച്ച നോൺ വെജ് വിഭവങ്ങൾ കൂട്ടിന് എത്തിയത് കനത്ത മഴയെ തുടർന്നുള്ള ശക്തമായ തണുപ്പിന് പ്രതിരോധിക്കാൻ ഒരു പരിധിവരെ സാധിച്ചു. സംസാര വിഷയങ്ങൾ പല കുറി നാടും വീടും സംസ്ഥാനവും രാജ്യവും രാജ്യാതിർത്തികളും പിന്നിട്ട നിരവധി വിശേഷങ്ങൾ എടുത്തിട്ട് സമയം പോയത് അറിഞ്ഞതേയില്ല.
പാതിരാവോളം ഒരു വിധം വിശേഷങ്ങൾ പറഞ്ഞു തീർത്തു ബാക്കി ഇനി രാവിലെ പറഞ്ഞു തീർക്കാം എന്ന ഉറപ്പിൽ രാത്രി കിടക്കാനായി പിരിയുമ്പോൾ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങുന്ന തണുപ്പിനോട് ഒരുവിധത്തിൽ സമരസപ്പെട്ടു.രാവിലെ എണീറ്റ് പെട്ടിയും പെറുക്കി അടുത്ത സഞ്ചാര സ്ഥലമായ മൂന്നാറിലേക്ക് വച്ച് പിടിക്കുവാൻ തയ്യാറായി എണീറ്റപ്പോൾ തലേദിവസം തുടങ്ങിവെച്ച അതേ അളവിലും വ്യാപ്തിയിലും കോടമഞ്ഞിറങ്ങി റോഡ് കാണാൻ പറ്റാത്ത അവസ്ഥയിൽ കുറേനേരം റൂമിന്റെ ബാൽക്കണിയിൽ തടാകം കണ്ടിരിപ്പായി.
രാവിലത്തെ ചൂട് കാപ്പി റൂമിൽ ലഭിച്ചത് അൽപ്പാൽപ്പം കുടിച്ചു ബാൽക്കണിയിൽ ഇരുന്ന് കോടമഞ്ഞു മാറണം എന്ന ഒറ്റ പ്രാർത്ഥനയായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. രാവിലെ പ്രഭാതഭക്ഷണത്തിന് സമയമായിട്ടും കോടമഞ്ഞിന് ഒരു കുറവുമില്ലാത്തതിനാൽ എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടാതെ പ്ലാൻ മാറ്റേണ്ടി വരുമോ എന്ന് ആലോചനയിൽ വിഷണ്ണരായി. ആവിയിൽ പുഴുങ്ങിയ പ്രഭാത ഭക്ഷണം ചൂടോടുകൂടി കഴിക്കുമ്പോഴും കോടമഞ്ഞിറങ്ങിയത് കാരണം പ്ലാൻ ചെയ്ത മൂന്നാർ എന്ന സ്ഥലത്തേക്ക് പോകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് മനസ്സിൽ തികട്ടി വന്നത്.രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ആവശ്യത്തിന് സൊറ പറഞ്ഞിരുന്നിട്ടും കാലാവസ്ഥയ്ക്ക് ഒരു മാറ്റവും കാണാത്തതുകൊണ്ട് തണുപ്പ് മുറുകെപ്പിടിക്കാൻ തന്നെ തീരുമാനിച്ച് നേരെ നീന്തൽ കുളത്തിലേക്ക് മടിച്ചാണെങ്കിലും തണുപ്പ് കൂടുമല്ലോ എന്ന് കരുതി മാറി നിൽക്കണ്ട എന്ന് മഴയത്ത് ചാടിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. തണുപ്പത്ത് മഴയോടൊപ്പം കുളിക്കുന്നത് മുൻവിധി മാറ്റി ഒരു പ്രത്യേക അനുഭവമാണ് ആദ്യത്തെ പരീക്ഷണം എന്ന നിലയിൽ തണുപ്പത്ത് വെറുതെ നിൽക്കുന്നതിനേക്കാട്ടിലും നല്ലത് വെള്ളത്തിൽ ചാടുന്നതാണ് എന്നത് പുതിയ പാഠമാണ് ഞങ്ങൾക്ക് ലഭിച്ചത്.നല്ല രീതിയിൽ തണുപ്പിനെ പ്രതിരോധിക്കാൻ മഴപെയ്യുമ്പോൾ അതേസമയം നീന്തൽ കുളത്തിൽ ചാടിയപ്പോൾ സാധിച്ചു എന്നത് ഒത്തിരി സന്തോഷം പകർന്നു നൽകിയ ഒരു പുതിയ അറിവാണ് മറ്റുള്ളവർക്കായി ഇവിടെ പങ്കുവെക്കുന്നത്.കുളിയും തേവാരവും കഴിഞ്ഞ് വീണ്ടും അടുത്ത യാത്രയ്ക്ക് ഒരുങ്ങാൻ തയ്യാറായി നട്ടുച്ചയായി എന്നിട്ടും കോടമഞ്ഞിന് ഒരു കുറവും ഇല്ല. ഉച്ചഭക്ഷണത്തിനായി ജോജിയോടൊപ്പം ഒരുമിച്ചിരുന്ന് കുടുംബമായി വീട്ടിലെ ഊണ് നൽകുന്ന അതേ നിലവാരത്തിൽ ആസ്വദിച്ച് കഴിക്കാൻ സാധിച്ചു എന്നതും ആവശ്യത്തിന് കഴിപ്പിക്കാൻ ശ്രമിച്ചു എന്നതും വേറിട്ടതായി. ഞങ്ങളുടെ വിവാഹ വാർഷികം പ്രമാണിച്ച് ഒരു കുഞ്ഞി കേക്ക് ഉച്ച ഭക്ഷണത്തിനുശേഷം തയ്യാറാക്കി തിരികെ മടങ്ങുന്നതിന് മുമ്പ് കനത്ത മഴയെത്തും കൃത്യ സമയത്തിന് എത്തിച്ച കേക്ക് മുറിച്ച് തേയിലക്കാട്ടിൽ സന്തോഷം പങ്കിടാനും പറ്റിയത് ഒരു അവിസ്മരണീയമായ നിമിഷമായി മനസ്സിൽ അങ്ങനെ തന്നെ ഇപ്പോഴും തങ്ങി നിൽക്കുന്നു.മുൻകൂട്ടി തയ്യാറാക്കിയവിവാഹ വാർഷിക മൂന്നാർ യാത്ര കാലാവസ്ഥാ പ്രതികൂലം ആയതു കാരണം റദ്ദാക്കി റാന്നിയിലേക്ക് പോകാൻ അല്ലാതെ മറ്റു മാർഗവും ഒന്നും കണ്ടില്ല. മൂന്നാറിലേക്ക് എത്തേണ്ട എന്ന് ബന്ധുക്കൾ പറഞ്ഞതും പിന്നെയൊന്നും ആലോചിച്ചില്ല വണ്ടി നേരെ തിരിച്ചു പുള്ളിക്കാനം വാഗമൺ വഴി റാന്നിയിലേക്ക് തന്നെ വിട്ടു. ഇതുപോലെ ഒരു അനുഭവം മുൻപ് പൊന്മുടി കാണാൻ പലതവണ ശ്രമിച്ചെങ്കിലും മഴക്കാലത്തെ പ്രതികൂല കാലാവസ്ഥ കാരണം ആനപ്പാറയിലെ ബന്ധുവീട്ടിൽ എത്തി പലതവണ പാതിവഴി ശ്രമം ഉപേക്ഷിച്ചത് മനസ്സിൽ ഓടിയെത്തിയപ്പോൾ മൂന്നാർ ഇനിയും ശ്രമിക്കാം എന്ന ആശ്വാസത്തിൽ മഴക്കാല യാത്രയിലെ വ്യത്യസ്ത കാഴ്ചകൾ ഇന്നും മനസ്സിന് കുളിർമയാണ്.

സുനിൽ തോമസ് റാന്നി