തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാൻ കഴിയും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് നിരക്ക്. അധിക കിലോമീറ്ററിന് 108 പൈസ നിരക്ക് ഈടാക്കും.സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ്.ആദ്യ സർവീസ് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തും. തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.