ജിദ്ദ: അമേരിക്കയിലെ ഹൂസ്റ്റണിലെ ഒ.ഐ.സി.സി യുടെ സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റും മിഡിൽ ഈസ്റ്റ് കൺവീനറുമായ കെ.ടി.എ മുനീർ ഷാൾ അണിയിച്ച് ആദരിച്ചു.
മൂന്ന് പതിറ്റാണ്ടിലേറെ കാലം അമേരിക്കയിൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുകയും കോൺഗ്രസ്സിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കെ.ടി.എ മുനീർ പ്രത്യേകം പ്രശംസിച്ചു. 1979 ൽ തൃശൂർ ജില്ല കെ.എസ്.യു വിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം അലിഗഡ് യൂണിവേഴ്സിറ്റിയിൽ മുൻ കേന്ദ്ര മന്ത്രി ഗുലാം നബി ആസാദിനോടൊപ്പം ഒരുമിച്ച് പഠിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ്സിന് കൂടുതൽ ശക്തി പകരുന്നതാണെന്നും അമേരിക്കയിലെ കോൺഗ്രസ്സ് അനുഭാവികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് അദ്ദേഹമടക്കമുള്ള കോൺഗ്രസ്സ് അനുഭാവികൾ കൂടുതൽ പ്രവർത്തിക്കുമെന്നും, 2024 പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന് വേണ്ടി ശക്തമായ പ്രചരണ പരിപാടികൾ ഗ്ലോബൽ അടിസ്ഥാനത്തിൽ നടത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എ ഐ സി സി തലത്തിൽ ഉണ്ടാകുമെന്നും മുനീർ പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ സെക്രട്ടറിയും സന്തോഷ് കാപ്പിൽ, ഒ.ഐ.സി.സി ഡള്ളാസ് ചെയർമാൻ പ്രദീപ് നാഗനൂലി, റജി മാത്യൂസ്, ഓമന ചെറിയാൻ എന്നിവർ കൂടെ ഉണ്ടായിരുന്നു.